വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആചാരങ്ങള്‍ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങള്‍ക്കെതിരായ ഡയലോഗുകള്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യന്‍’ എന്നിവ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂര്‍ണമായി നീക്കി. ആകെ 41 സെക്കന്‍ഡാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയത്.
ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തുവന്നിരുന്നു. ചിത്രം നിരോധിക്കണമെന്ന് താനൊരിക്കലും ആവശ്യപ്പെടില്ല. അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കാനാകില്ല. എന്നാല്‍ സിനിമ വസ്തുതാ വിരുദ്ധമെന്ന് പറയാന്‍ കേരളീയര്‍ക്ക് അവകാശം ഉണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.