അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളക്ക് സൗദിയിലെ റിയാദില്‍ തുടക്കമായി. കിങ് സഊദ് യൂണിവേഴ്സിറ്റിയിലെ പുതിയ ആസ്ഥാനത്താണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴ് വരെ നീളുന്ന മേളയുടെ ഭാഗമായി സെമിനാറുകള്‍, കവിതാ സായാഹ്നങ്ങള്‍, ശില്പശാലകള് എന്നിവയുള്‍പ്പെടെ 200-ലധികം പരിപാടികള്‍ അരങ്ങേറും.
മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുളള ആയിരത്തി എണ്ണൂറിലേറെ പ്രസാധകരാണ് പുസ്തകമേളക്ക് സൗദിയില്‍ എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നടക്കം അഞ്ച് ലക്ഷത്തിലേറെ പുസ്തകങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ പേരിട്ടിരിക്കുന്ന മേള സാഹിത്യ പ്രസിദ്ധീകരണ വിവര്‍ത്തന അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. 10 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സംഘടകര്‍ അറിയിച്ചു.
അന്താരാഷ്ട്ര പ്രസാധകരുടെ അപൂര്‍വ പുസ്തകങ്ങള്‍, പെയിന്റിംഗുകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയുള്‍പ്പെടെ വിലപ്പെട്ട വസ്തുക്കളും പ്രദര്‍ശനത്തിനെത്തും. കൂടാതെ, ബുക്ക് സൈനിംഗ് സ്പേസില്‍ വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെ കാണാന്‍ അവസരം ലഭിക്കും. കവിതാ രചനയ്ക്കും പാരായണത്തിനും പ്രോത്സാഹനം നല്കി കുട്ടികള്‍ക്കായി ഇതാദ്യമായി കവിതാ പാരായണ മത്സരം നടത്തും. ഒക്ടോബര്‍ നാലിന് രാജ്യാന്തര പ്രസാധക സമ്മേളനവും സംഘടിപ്പിക്കും.