ലോകത്തിലെ ഏറ്റവും ദുരിതമേറിയ രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടു. പ്രമുഖ സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാങ്കെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് പുറത്തു വിട്ടത്. ഹാങ്കെയുടെ പഠനത്തിന്‍റെ വെളിച്ചത്തില്‍ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയാണ്.
157 രാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഹാങ്കെ പഠനം നടത്തിയത്. ഇതില്‍ യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്ൻ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെ ആഗോളതലത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യമായി പിന്തള്ളപ്പെട്ടത്. സിറിയ, വെനസ്വേല, ലെബനൻ, സുഡാൻ,ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി എന്നീ രാജ്യങ്ങളാണ് സിംബാബ്‌വെക്കൊപ്പം ദുരിതമനുഭവിക്കുന്ന ആദ്യ 15 സ്ഥാനങ്ങളില്‍ ഉള്ളത്.
ഒരു വര്‍ഷമായി തുടരുന്ന റഷ്യയുടെ അധിനിവേശമാണ് യുക്രൈൻ ദുരിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്താന്‍ കാരണം. അടുത്തിടെയുണ്ടായ ഭൂചലനമാണ് തുര്‍ക്കിയെ ദുരിത പട്ടികയിലേക്ക് തള്ളിവിട്ടത്. അതിഭീകരമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ ജി.ഡി.പി വളർച്ചയിലെ കുറവ് എന്നിവയാണ് സിംബാബ്‌വയെ ദുരിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പട്ടികയില്‍ 103-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
അതേസമയം, ഏറ്റവും സന്തോഷമുള്ള രാജ്യം സ്വിറ്റ്‌സർലൻഡാണെന്നും ഹാങ്കെയുടെ പഠനം സൂചിപ്പിക്കുന്നു. കൂടാതെ കുവൈത്ത്, അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജർ, തായ്‌ലൻഡ്, ടോഗോ, മാൾട്ട എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.