Friday, March 6, 2026

സുഡാനിൽ ആരോഗ്യരംഗം തകർന്നടിയുമ്പോൾ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവൻ അപകടത്തിൽ

2024 ഏപ്രിലിൽ ആരംഭിച്ച, സുഡാൻ സൈന്യവും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള യുദ്ധം രാജ്യത്തെ കുട്ടികളെ വലിയൊരു മാനുഷിക ദുരന്തത്തിലേക്കാണ് നയിക്കുന്നത്. സുഡാനിൽ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, പോഷകാഹാരക്കുറവ്, വ്യാപകമായ പകർച്ചവ്യാധികൾ എന്നിവ മൂലം 14 ദശലക്ഷത്തിലധികം കുട്ടികൾക്കാണ് ഇപ്പോൾ അടിയന്തരസഹായം ആവശ്യമായിവന്നിരിക്കുന്നത്. അഞ്ച് വയസ്സിനു താഴെയുള്ള നാല് ദശലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവും രണ്ട് ദശലക്ഷം കുട്ടികൾക്ക് വാക്സിനേഷനുകളും ലഭിക്കാഞ്ഞതിനാൽ മൊബൈൽ ക്ലിനിക്കുകൾ, ചികിത്സാ പരിചരണം എന്നിവയ്ക്ക് ഉടനടി ധനസഹായം അത്യാവശ്യമാണെന്ന നിലയിലാണ്.

മുന്നോട്ട് എന്ത് എന്ന ചോദ്യവുമായി ബാല്യങ്ങൾ

എൽ ഫാഷറിൽ നിന്ന് പലായനം ചെയ്ത ഒരു ബാലനെ നേരിൽക്കണ്ട സംഭവം, ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ ഇന്റർനാഷണൽ സംഘടന വിവരിക്കുന്നത്‌ ഇപ്രകാരമാണ്:

ആ കുട്ടി അവർക്ക് മുന്നിൽ വന്ന് ചോദിച്ചത് മൂന്ന് കാര്യങ്ങളാണത്രെ. അവന് വേണ്ടത്, മുറിവേറ്റ അവന്റെ ശരീരത്തിനും രോഗങ്ങൾക്കും അടിയന്തര വൈദ്യസഹായവും തകർന്നുപോയ സ്കൂളുകളിലേക്ക് തിരികെപ്പോകാനുള്ള അവസരവും ബോംബുകൾ വീഴാത്ത, സുരക്ഷിതമായ സ്വന്തം വീട്ടിലേക്കുള്ള മടക്കവുമാണ്.

യുദ്ധം വെറുമൊരു രാഷ്ട്രീയപോരാട്ടമല്ല, മറിച്ച് ഒരു തലമുറയുടെ സ്വപ്നങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ആ ബാലനിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതെന്ന് സംഘടന പറയുന്നു.

ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ

പലയിടങ്ങളിലും ക്ലിനിക്കുകൾ അടച്ചുപൂട്ടി. ഡോക്ടർമാരും നഴ്‌സുമാരും പലായനം ചെയ്യുകയോ, അവർക്ക് ശമ്പളം ലഭിക്കാതെ വരികയോ ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ അതിജീവിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക്, ഒരു ചെറിയ രോഗം പോലും ഭയാനകമായി മാറുന്ന അവസ്ഥയാണ്. എന്നാൽ, ഇതിനിടയിൽ സേവ് ദ ചിൽഡ്രൻ ഇന്റർനാഷണൽ സംഘടന ഖാർത്തൂമിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ തങ്ങൾ കണ്ടുമുട്ടിയ ആ ഡോക്ടറെ ഒരു യഥാർഥ പോരാളി എന്നാണ് വിശേഷിപ്പിച്ചത്. കാരണം, ചുറ്റും കനത്ത യുദ്ധം നടക്കുമ്പോഴും, സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹം രോഗികളെ ചികിത്സിക്കാൻ അവിടെത്തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് ആ നഗരം ശാന്തമായ അന്തരീക്ഷത്തിലേക്ക് തിരികെയെത്തുമ്പോൾ, മറ്റൊരിടത്തും പോകാനില്ലാത്ത പതിനായിരക്കണക്കിന് ആളുകൾക്ക് ഏക ആശ്രയം ഈ ക്ലിനിക്കാണ്.

പരിചരണം തേടി സ്ത്രീകളും കുട്ടികളും എല്ലാ ദിവസവും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തിങ്ങിനിറയുന്നത് പതിവ് കാഴ്ചയാണെന്ന് സംഘടന പറയുന്നു. തുടക്കത്തിൽ ഒരു പ്രദേശത്തെ ജനങ്ങൾക്കായി മാത്രം നിർമ്മിച്ച ഈ കേന്ദ്രം, ഇപ്പോൾ അക്രമങ്ങളിൽ നിന്ന് ഓടിരക്ഷപെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് സേവനം നൽകുന്നത്.

ജീവനു വേണ്ടി നടന്നുനീങ്ങിയ ആയിരം കിലോമീറ്ററുകൾ 

സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഏറ്റവും ദാരുണമായ മുഖമാണ് അറ്റ്ബറയിലെ പല കുടുംബങ്ങളും പങ്കുവയ്ക്കുന്നത്. സുരക്ഷിതസ്ഥാനം തേടിയുള്ള അവരുടെ യാത്രകൾ വെറുമൊരു പലായനമല്ല, മറിച്ച് സഹനത്തിന്റെ തീക്ഷ്ണമായ പോരാട്ടമാണ്. എൽ ഫാഷറിൽ നിന്നുള്ള അക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ അറ്റ്ബറയിലേക്ക് ഏകദേശം 1000 കിലോമീറ്റർ ദൂരമാണ് ഈ കുടുംബങ്ങൾ സഞ്ചരിച്ചത്. ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി പല അമ്മമാരും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ ദിവസങ്ങളോളം നടന്നു. ആ യാത്രയ്ക്കിടയിൽ തന്റെ ഗർഭസ്ഥശിശുവിനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന അവിടുത്തെ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ചികിത്സയോ, വിശ്രമമോ ഇല്ലാത്ത ആ യാത്ര പലർക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

സംഘടനകളുടെ പ്രവർത്തനം

യുദ്ധം തകർത്ത സുഡാനിൽ കുട്ടികൾക്ക് സംരക്ഷണവും ആരോഗ്യവും നൽകാനായി സേവ് ദ ചിൽഡ്രൻ പോലുള്ള പല സംഘടനകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. താൽക്കാലിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും മൊബൈൽ ക്ലിനിക്കുകൾ വഴിയും അവർ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ശ്രമിക്കുന്നു. എങ്കിലും, അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയില്ലാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ല എന്നതും ഒരു സത്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News