വംശീയകലാപം ശമനമില്ലാതെ തുടരുന്ന മണിപ്പൂരിലെ ഫെർസ്വാൾ ജില്ലയിൽ സമാധാനത്തിന്റെ സന്ദേശവുമായി മലയാളി കളക്ർ ആശിഷ് ദാസ് ചുമതലയേറ്റു. കൊല്ലം സ്വദേശിയായ ആശിഷ്, മുഖത്തല ആശിഷ് ഭവനിൽ യേശുദാസിന്റെയും റോസമ്മയുടെയും മകനാണ്. സിവിൽ സർവീസ് ലഭിക്കും മുൻപ് ഫയർഫോഴ്‌സിലായിരുന്ന അദ്ദേഹം മലയാളികൾക്ക് സുപരിചിതനായ വ്യക്തികൂടിയാണ്.
മണിപ്പൂർ കലാപത്തിൻറെ പ്രഭവകേന്ദ്രവും നിലവിൽ ഏറ്റുമുട്ടൽ തുടരുന്നതുമായ ചുരാചന്ദ്പുർ, ഫെർസ്വാൾ ജില്ലയുടെ കലക്ടറേറ്റ് പരിധിയിലാണ് വരുന്നത്. കൂടാതെ കുക്കി, ഹമാർ, പൈതൈ, വാഫൈ ഗോത്രങ്ങൾക്ക് ഭൂരിപക്ഷമുള്ള ജില്ലകൂടിയാണ് ഇത്. അവിടേക്കാണ് സമാധാനത്തിന്റെ സന്ദേശവുമായി ആശിഷ് ദാസിനെ കേന്ദ്ര സർക്കാർ കളക്ടറായി നിയമിച്ചിരിക്കുന്നത്. 2020 ബാച്ച് മണിപ്പൂർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് ആശിഷ്.
ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്‌നോപാലിന്റെ എസ്ഡിഎം ആയിരുന്നു മുമ്പ് ആശിഷ് ദാസ്. ഇക്കാലയളിൽ ഇന്ത്യാ- മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ കലാപം അവസാനിപ്പിക്കുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും ആശിഷ് ദാസ് ചുക്കാൻപിടിച്ചിരുന്നു. ഇതേതുടർന്നാണ് അദ്ദേഹത്തിന് കളക്ടറായി ആഭ്യന്തരമന്ത്രാലയം സ്ഥാനക്കയറ്റം നൽകിയത്.