Thursday, May 15, 2025

ഇന്ത്യ സഖ്യത്തിന്‍റെ യോഗം ഡിസംബര്‍ 17 ന് ചേരും

ബി. ജെ. പി. ക്കെതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (I.N.D.I.A ) യോഗം ഡിസംബര്‍ 17 ന് ചേരുമെന്ന പ്രഖ്യാപനം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ ബ്ലോക്കിന്റെ യോഗം

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയില്‍ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ അസൗകര്യം അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. ഒഴിച്ചുകൂടാനാവാത്ത ചില പരിപാടികള്‍ ഉള്ളതിനാലാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയതെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ നേരത്തെ യോഗത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ പിന്നീട് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. അതേസമയം, ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. നിതീഷ് കുമാറിന് പകരം ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. യോഗ വിവരം അറിയുന്നത് വൈകിയാണെന്നും നേരത്തെ തീരുമാനിച്ച് വച്ച മറ്റു പരിപാടികളിൽ പങ്കെടുക്കണമെന്നും പറഞ്ഞാണ് മമത യോഗത്തിൽ നിന്ന് പിന്മാറിയത്.

Latest News