Saturday, November 23, 2024

വില്ല്യം ഷേക്‌സ്പിയറുടെ വെനീസിലെ വ്യാപാരി

ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ച, വിശ്വസാഹിത്യത്തിലെ കുലപതി എന്നറിയപ്പെടുന്ന വില്ല്യം ഷേക്സ്പിയര്‍ രചിച്ച നാടകങ്ങളില്‍ ഒന്നാണ് മര്‍ച്ചന്റ് ഓഫ് വെനീസ്. പൊതുവെ ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ ദുഃഖഭരിതമായ സംഭവവികാസങ്ങളാണ് കൂടുതല്‍. എന്നാല്‍ മര്‍ച്ചന്റ് ഓഫ് വെനീസ് ഷേക്‌സ്പീറിയാന്‍ കോമഡി എന്നാണ് അറിയപ്പെടുന്നത്. സാമൂഹിക പ്രസക്തി ഏറെ ഉള്ളതാണ് ഇതിലെ കഥ. അഞ്ച് ആക്ടുകളുള്ള ഈ കോമഡി, ഏകദേശം 1596-97-ല്‍ എഴുതുകയും 1600-ല്‍ ഒരു ആധികാരിക കയ്യെഴുത്തുപ്രതിയില്‍ അച്ചടിക്കുകയും ചെയ്തു.

പതിനാറാം നൂറ്റാണ്ടില്‍ വെനീസില്‍ ജീവിച്ചിരുന്ന അന്റോണിയോ ബസ്സാനിയോ എന്നിവരുടെ സൗഹൃദ ബന്ധം ആണ് ഈ കഥയിലെ കഥാതന്തു. വെനീഷ്യന്‍ ജൂത പണമിടപാടുകാരനായ ഷൈലോക്ക് അന്ധകാരത്തിന്റെ പ്രതീകമായി വരുമ്പോള്‍ വെളിച്ചം പകര്‍ന്നുകൊണ്ട് അന്റോണിയോയുടെ പ്രവര്‍ത്തികള്‍ നിലകൊള്ളുന്നു. ബസ്സാനിയോയ്ക്ക് വേണ്ടി ഷൈലോക്കില്‍ നിന്നും കടം വാങ്ങിയ അന്റോണിയക്കു ഒരു കരാറില്‍ ഒപ്പിടേണ്ടി വന്നു. പണം തിരിച്ചു നല്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ ശരീരത്തില്‍ നിന്നും ഒരു തൂക്കം മാംസം നല്കാമെന്ന വ്യവസ്ഥയോടെയാണ് കടം വാങ്ങുന്നത്.

തന്റെ എതിരാളിയായ ആന്റോണിയോയ്ക്ക് പണം കടം കൊടുക്കുന്ന ഷൈലോക്ക്, പണം തിരിച്ചടക്കാന്‍ ആന്റോണിയയ്ക്ക് കഴിയാതെ പോവുമ്പോള്‍ അയാളുടെ മാംസം ആവശ്യപ്പെടുകയാണ്. പണമിടപാടുകാരെ വിശേഷിപ്പിക്കാന്‍ ഷൈലോക്ക് എന്ന പ്രയോഗം വന്നതുപോലും ആ കഥാപാത്രത്തിന്റെ സ്വാധീനം കൊണ്ടാവാം. അപ്പോഴാണ് ബസ്സാനിയയുടെ ബുദ്ധിമതിയായ ഭാര്യ പോര്‍ഷ്യ രംഗത്തിറങ്ങുന്നത്. അവളുടെ ബുദ്ധിപരമായ നീക്കത്തിലൂടെ അന്റോണിയോയെ രക്ഷിക്കാന്‍ സാധിച്ചു. സ്ത്രീ ശക്തിയുടെ പ്രതീകം കൂടിയായാണ് പോര്‍ഷ്യയെ അവതരിപ്പിക്കുന്നത്. അന്റോണിയയുടെ ശാന്ത സ്വഭാവവും നിഷ്‌കളങ്കതയും ഇന്നത്തെ സമൂഹത്തിനു പാഠവുമാണ്.

സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും സമ്പത്ത് വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ സാമ്പത്തിക തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുതെന്ന സന്ദേശവും ഈ നാടകത്തിലൂടെ ഷേക്സ്പിയര്‍ വായനക്കാരന് നല്‍കുന്നുണ്ട്. ഷേക്സ്പിയറുടെ എല്ലാ നാടകങ്ങളിലും പ്രത്യക്ഷപ്പെടുന്ന പൊതുവായ വിഷയങ്ങള്‍ ഇതിലും കാണാന്‍ കഴിയും. രൂപവും യാഥാര്‍ത്ഥ്യവും, ക്രമവും ക്രമക്കേടും, സംഘര്‍ഷവും മാറ്റവും തുടങ്ങിയവയാണത്.

എലിസബത്തന്‍ കാലഘട്ടത്തിന്റെ ആദര്‍ശങ്ങളായ സ്നേഹം, ഔദാര്യം, സൗഹൃദം, പണത്തിന്റെ ബുദ്ധിപൂര്‍വമായ ഉപയോഗം എന്നിവയാലാണ് നാടകത്തിലെ നാല് പ്ലോട്ടുകളും ബന്ധിക്കപ്പെട്ടിരിക്കുന്നത്. പ്ലോട്ടുകള്‍ പരസ്പരം പ്രതിഫലിപ്പിക്കുന്നവയുമാണ്.

 

Latest News