Wednesday, November 27, 2024

നൈജര്‍ പ്രസിഡന്റിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടാള ഭരണകൂടം

പട്ടാളം ഭരണം പിടിച്ചെടുത്ത നൈജറിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപനം. സൈനിക അട്ടിമറി നടത്തിയ അബ്ദൗറഹ്‌മാന്‍ ചിയാനി ഉൾപ്പെടെയുള്ള പട്ടാള ഭരണകൂടമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

“രാജ്യദ്രോഹ നടപടികള്‍ക്കും രാജ്യത്തിന്റെ സുരക്ഷയെ തുരങ്കംവച്ചതിനും മുഹമ്മദ് ബസൂമിനെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയനാക്കും” – അട്ടിമറിനേതാക്കള്‍ പറഞ്ഞു. അധികാരഭ്രഷ്ടരായ പ്രസിഡന്റിനും അദ്ദേഹത്തിന്റെ പ്രാദേശിക-വിദേശകൂട്ടാളികളെയും ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചതായി നിലവിലെ ഭരണകൂടം വ്യക്തമാക്കി. അട്ടിമറിക്കു പിന്നാലെ മകനും ഭാര്യയ്ക്കുമൊപ്പം പ്രസിഡന്‍ഷ്യല്‍ വസതിയിലാണ് ബസൂം തടവില്‍കഴിയുന്നത്.

അതേസമയം, ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമായ രാജ്യത്ത് 350-ഓളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് വിവരം. ഇന്ത്യക്കാര്‍ക്കു പുറമേ തുർക്കി പൗരന്മാരാണ് നൈജറില്‍ ഉള്ളതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും സ്ത്രീകളും കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍, ഇന്ത്യയുടെ രക്ഷാദൗത്യത്തിനായി കാത്തിരിക്കുകയാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest News