Sunday, November 24, 2024

മലയോര ജനതയുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വനംവകുപ്പ് മന്ത്രി

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളുമായി മലയോരജനത നേരിടുന്ന വന്യജീവിപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സ്പീക്കര്‍ എ. എന്‍. ഷംസീറും, വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ. ശശീന്ദ്രനും ഉന്നത ഉദ്യോഗസ്ഥ സംഘവും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ട്രഷറര്‍ അഡ്വക്കേറ്റ് ടോണി പുഞ്ചക്കുന്നേല്‍, തലശ്ശേരി അതിരൂപത പ്രസിഡന്റ് ശ്രീ. ഫിലിപ്പ് വെളിയത്ത്, മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സജി ഫിലിപ്പ് വട്ടക്കാമുള്ളേല്‍, അതിരൂപത ട്രഷറര്‍ സുരേഷ് കാഞ്ഞിരത്തിങ്കല്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ശ്രീ. ആന്റോ തെരുവന്‍കുന്നേല്‍, എന്നിവരുടെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിച്ച മലയോരജനതയുടെ ആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.

തിരുവനന്തപുരത്തുവച്ച് നടത്തേണ്ട മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തലശ്ശേരിയില്‍വച്ചു നടത്തിയത് മലയോരജനതയെയും കത്തോലിക്ക കോണ്‍ഗ്രസിനെയും വിശ്വാസത്തിലെടുക്കുന്നതിന്റെ തെളിവാണ് എന്നും മന്ത്രിയും സ്പീക്കറും യോഗത്തില്‍ പ്രസ്താവിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ വന്യജീവികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഉന്നതസംഘം മുമ്പാകെ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ അവതരിപ്പിച്ചു. ഫെന്‍സിംഗ് ഇല്ലാത്ത ഇടങ്ങളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുവാനും നിലവിലുള്ള സ്ഥലങ്ങളില്‍ അവ പരിരക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി. വനമേഖലയോട് അടുത്തുള്ള തദ്ദേശനിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് വനംമന്ത്രി നിര്‍ദേശിച്ചു. വന്യജീവി ആക്രമണം മൂലം സംഭവിക്കുന്ന ആള്‍നാശത്തിനും കൃഷിനാശത്തിനും ഉടനടി സഹായധനം നല്‍കുമെന്നും യോഗത്തില്‍ ഉറപ്പു ലഭിച്ചു.

തയ്യേനിയില്‍ തൊഴിലുറപ്പ് പണിക്കിടെ, കടന്നല്‍ക്കുത്തേറ്റു മരിച്ച വേളൂര്‍ സണ്ണിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കാന്‍ യോഗത്തില്‍ മന്ത്രി ഉത്തരവായി. അതില്‍ ഒരുലക്ഷം രൂപ തിങ്കളാഴ്ച തന്നെ കാസര്‍ഗോഡ് DFO AKCC ഭാരവാഹികളെ അറിയിച്ച് വേളൂര്‍ സണ്ണിയുടെ വീട്ടില്‍ എത്തിച്ചുനല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വനാതിര്‍ത്തിയില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി വന്യജീവി പ്രതിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന കത്തോലിക്ക കോണ്‍ഗ്രസ് നിര്‍ദേശം അനുഭാവപൂര്‍വം പരിഗണിക്കാവുന്നതാണ് എന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള അനുവാദം പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് നല്‍കിയിട്ടുള്ളതാണ് എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി തദ്ദേശവാസികള്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കുന്ന കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച ചെയ്യുന്നതാണ് എന്നും മന്ത്രി അറിയിച്ചു.

കൊട്ടിയൂര്‍ വനാതിര്‍ത്തിയില്‍ തനിയെ താമസിക്കുന്ന നിരാലംബരായ വൃദ്ധദമ്പതികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി. സി. എഫിനെ ചുമതലപ്പെടുത്തി. വയനാട് ചുരം റോഡിന് ബദല്‍പാത നിര്‍മ്മിക്കുന്നതു സംബന്ധിച്ച് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിര്‍ദേശം സര്‍വാത്മനാ പിന്തുണയ്ക്കുന്നതാണ് എന്നും മന്ത്രി വാക്ക് നല്‍കി.

 

Latest News