ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിനുള്ളിൽ നവീകരണം നടത്തുന്നതിലൂടെ മൊണാലിസയ്ക്ക് പുതിയ മുറി ലഭിക്കും. ‘ലൂവ്രെ ന്യൂ റിനൈസൻസ്’ എന്ന് മുദ്രകുത്തപ്പെട്ട നവീകരണ പദ്ധതിയിൽ സീൻ നദിക്കുസമീപം 2031 ഓടെ വിശാലമായ പുതിയ പ്രവേശനകവാടം തുറക്കുമെന്ന് ഒരു പ്രസംഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ലിയോനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് ചിത്രമായ മൊണാലിസ പ്രദർശിപ്പിക്കുന്ന ഇടത്ത് നിലവിൽ സന്ദർശകർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് ലിസയ്ക്ക് പുതിയ മുറി നൽകാൻ തീരുമാനമായിരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയം നവീകരിക്കുന്നതിനുള്ള പദ്ധതിക്കായി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന കൃത്യമായ തുക മാക്രോൺ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് 800 ദശലക്ഷം യൂറോ (834 ദശലക്ഷം ഡോളർ) വരെ എത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഐക്കണിക് ഗ്ലാസ് പിരമിഡ് അനാച്ഛാദനം ചെയ്ത 1980 കളിൽ ആണ് ലൂവ്രെ അവസാനം നവീകരിച്ചത്.