മറ്റ് രാജ്യങ്ങളിൽ കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണ്ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് ഈ സെല്ലിന്റെ പ്രധാന ലക്ഷ്യം. ജില്ലകളുടെ അവലോകന യോഗത്തിൽ ആണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് കേസുകളുടെ വർദ്ധനവിന്റെ നിരക്കനുസരിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിർദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താൻ മന്ത്രി നിർദേശം നൽകി. എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിർദേശം നൽകി. കോവിഡ് വാക്സിൻ എടുക്കാനുള്ളവർ വാക്സിൻ എടുക്കണം. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതാണ്. അവബോധം ശക്തിപ്പെടുത്താനും നിർദേശം നൽകി.