കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകേണ്ടിയിരുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം നടക്കും. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല.
2020 ഡിസംബറിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന വ്യവസ്ഥയില്‍ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനായിരുന്നു പദ്ധതിയുടെ നിര്‍മ്മാണ ചുമതല. എന്നാല്‍ 2022 നവംബറില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പാര്‍ലമെന്‍റ് മന്ദിരത്തിന്റെ നിര്‍മ്മാണം പല കാരണങ്ങളാൽ വൈകുകയായിരുന്നു.
നിലവില്‍ പാര്‍ലമെന്‍റിന്റെ അവസാനഘട്ട പണികളാണ് പുരോഗമിക്കുന്നത്. മാർച്ച് മാസം അവസാന വാരത്തിൽ പ്രധാനമന്ത്രി, നിർമ്മാണം നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത പരിശോധനയും നടത്തിയിരുന്നു. അതേസമയം, മെയ് അവസാന വാരം മോദി സര്‍ക്കാര്‍ ഒൻപതു വര്‍ഷം പൂര്‍ത്തികരിക്കും. ഇതിനോടനുബന്ധിച്ച് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താന്‍ കേന്ദ്രം പദ്ധതിയിടുന്നതായാണ് അഭ്യൂഹം.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമ മുറി, ലൈബ്രറി, നിരവധി കമ്മിറ്റി ഓഫീസുകള്‍, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മന്ദിരത്തിലുള്ളത്.