കത്തോലിക്കാ സഭയ്ക്കും ഇതര മതസ്ഥര്‍ക്കുമെതിരെയുള്ള നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യത്തിന്റെ അടിച്ചമര്‍ത്തല്‍ തുടരുകയാണ്. ഏറ്റവും അവസാനമായി 169 എന്‍. ജി. ഒ. കള്‍ കൂടി ഒര്‍ട്ടേഗ ഭരണകൂടം അടച്ചുപൂട്ടി. ചില കത്തോലിക്കാ സംഘടനകള്‍, വിവിധ ഇവാഞ്ചലിക്കല്‍ പള്ളികള്‍, ഒരു മുസ്ലീം അസോസിയേഷന്‍ എന്നിവയും പുതിയതായി നിയമപദവി റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
2018 മുതല്‍ നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്താല്‍ അടച്ചുപൂട്ടിയ എന്‍. ജി. ഒ. കളുടെ എണ്ണം ഇതോടെ 5,664 ആയതായി ആഗസ്റ്റ് 29-ന് ഔദ്യോഗികപത്രമായ ‘ലാ ഗസെറ്റ’യിലൂടെ വെളിപ്പെടുത്തി. സംഘടനകളുടെ സാമ്പത്തികവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവയുടെ നിയമപരമായ പദവി എടുത്തുമാറ്റുകയും പൂട്ടിക്കുകയും ചെയ്തത്.
എന്നാല്‍, പല സംഘടനകളുടെയും പ്രവര്‍ത്തകര്‍ സാമ്പത്തികവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയെങ്കിലും വര്‍ഷങ്ങളായി അവ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. ഒടുവിലാണ് ഈ കാരണം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടല്‍ നടപടിയിലേക്കു നീങ്ങിയത്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയായിരുന്നു എന്നാണ് നിക്കരാഗ്വയിലെ വിശ്വാസികള്‍ വെളിപ്പെടുത്തുന്നത്.
മൊസൈക്കോ പത്രം പറയുന്നതനുസരിച്ച്, ഇത്തവണ ആകെ, മതപരമായ 92 എന്‍. ജി. ഒ. കളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ ലിയോണ്‍ രൂപതയുടെയും മൊറാവിയന്‍ സഭയുടെയും നേതൃത്വത്തില്‍ 1849 മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അസോസിയേഷന്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷനുകളും ഉള്‍പ്പെടുന്നു.