ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപര്‍വ്വതം. ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഒമ്പതാം സ്ഥാനം. പടിഞ്ഞാറന്‍ ഹിമാലയ നിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 8,114 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നംഗ പര്‍വതം ഏറ്റവും ദുര്‍ഘടം നിറഞ്ഞ ഹിമാലയ ശൃംഗങ്ങളിലൊന്നാണ്. ഔദ്യോഗികമായി ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോള്‍ പാകിസ്താന്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അധിനിവേശ കാഷ്മീരിന്റെ ഭാഗമാണ്. 26,660 അടി ഉയരത്തിലുള്ള നംഗ പര്‍വത് പാക്കിസ്ഥാനിലെ ഉയരമേറിയ പര്‍വതങ്ങളില്‍ രണ്ടാമനാണ്.
‘നംഗ പര്‍വതം’ എന്ന പദത്തിന് ‘നഗ്‌നമായ പര്‍വതം’ എന്നാണ് അര്‍ഥം. പ്രാദേശികമായി ഈ പര്‍വതം ‘ദയാമീര്‍’ (പര്‍വതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തൊട്ടുപിന്നാലെ 1953-ല്‍ സംയുക്ത ജര്‍മന്‍-ആസ്റ്റ്രിയന്‍ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെര്‍മന്‍ ബുള്‍ നംഗ പര്‍വതം ആദ്യമായി കീഴടക്കി.
1895-ലാണ് നംഗ പര്‍വതം കീഴടക്കുവാനുള്ള പ്രഥമ ദൗത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടര്‍ന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവില്‍ 1953-ല്‍ ഡോ. കാള്‍ ഹെര്‍ലിഗ്‌കോഫറിന്റെയും പീറ്റര്‍ ആഷെന്‍ബ്രണ്ണറിന്റെയും നേതൃത്വത്തിലുള്ള സംയുക്ത ജര്‍മന്‍-ആസ്ട്രിയന്‍ പര്യവേക്ഷക സംഘം നംഗ പര്‍വതം കീഴടക്കാനുള്ള ദൗത്യത്തില്‍ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെര്‍മന്‍ ബുള്ളാണ് 1953 ജൂലൈ-3ന് നംഗ പര്‍വതത്തിന്റെ നെറുകയില്‍ കാലുകുത്തിയത്.
1953 ലെ പര്യവേഷണത്തിന് മുമ്പ് നംഗ പര്‍വതത്തില്‍ കയറാന്‍ ശ്രമിച്ച 31 പേര്‍ മരണപ്പെട്ടു. 2012 ആയപ്പോഴേക്കും നംഗ പര്‍വതത്തില്‍ 68 മരണമുണ്ടായി. മരണനിരക്കില്‍ ലോകത്തിലെ മൂന്നാം സ്ഥാനമാണ് നംഗ പര്‍വതത്തിന്.
2014 ജൂണിലാണ് ഈ പര്‍വതത്തിന്റെ അടിവാരത്ത് വെച്ച് പന്ത്രണ്ടോളം വരുന്ന ആയുധധാരികളായ പാകിസ്ഥാനി താലിബാനുകാര്‍ വിദേശികളായ പത്ത് പര്‍വതാരോഹകരെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ അന്താരാഷ്ട്ര പര്‍വതാരോഹാരണ സമൂഹത്തെ ഒന്നടങ്കം നടുക്കിയ സംഭവങ്ങള്‍ വിരളമാണ്. ഏതായാലും പാക്കിസ്ഥാനി താലിബാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പ്രതീകമായ് മാറിയ ഈ പര്‍വതത്തിന്റെ പേരിലുള്ള ‘കൊലയാളി’ എന്ന പദം മായ്ച്ചു കളയാനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാര്‍.