പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് ഉദ്ഘാടനപോരാട്ടം. ആദ്യമത്സരത്തില്‍, നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, കിവീസിനെ നേരിടും. 2019 -ലെ ലോകകപ്പ് ഫൈനലിലും ഇവർ ഇരുവരുമായിരുന്നു ഏറ്റുമുട്ടിയത്.
10 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പ് പോരാട്ടങ്ങളില്‍ 48 മത്സരങ്ങളുണ്ടാകും. 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദിനുപുറമേ വാങ്ക്‌ഡേ സ്‌റ്റേഡിയം (മുംബൈ), ഈഡന്‍ഗാര്‍ഡന്‍സ് (കൊല്‍ക്കത്ത), ചിന്നസ്വാമി സ്‌റ്റേഡിയം (ബെംഗളൂരു), അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം (ഡല്‍ഹി), എച്ച്.പി.സി സ്‌റ്റേഡിയം (ധരംശാല), അടല്‍ ബിഹാരി വാജ്‌പേയ് സ്‌റ്റേഡിയം (ലക്‌നൗ), എം.സി.എ സ്‌റ്റേഡിയം (പുനെ), രാജീവ് ഗാന്ധി സ്‌റ്റേഡിയം (ഹൈദരാബാദ്) എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടിനുശേഷം പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമി കളിക്കും.
നവംബര്‍ 15 -നു നടക്കുന്ന ആദ്യ സെമി പോരാട്ടത്തില്‍ മുംബൈയും 16 -നു നടക്കുന്ന രണ്ടാം സെമി കൊല്‍ക്കത്തയിലും അരങ്ങേറും. ഉദ്ഘാടനപോരാട്ടം നടക്കുന്ന, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നവംബര്‍ 19 -നാണ് പുതിയ ഏകദിന രാജാക്കന്മാരുടെ പട്ടാഭിഷേകം നിര്‍ണ്ണയിക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.