ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ന്യൂസിലാണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ 90 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളിലും അജയ്യരായി ഇന്ത്യൻ ടീം പരമ്പര നേടി.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 386 റൺസ് അടിച്ചുകൂട്ടി. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്നുള്ള കൂട്ടുകെട്ടിൽ 212 റൺസാണ് നേടിയത്. ഹാർദിക് പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടിയും വിരാട് കോഹ്ലി 27 പന്തിൽ 36 റൺസ് നേടിയും തുടർപോരാട്ടം നയിച്ചു.
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 285 റൺസെടുക്കുമ്പോഴേക്കും മുഴുവൻ താരങ്ങളും പവലിയനിലേക്ക് ഇന്ത്യൻ ബോളർമാർ മടക്കി. ന്യൂസിലൻഡിനു വേണ്ടി ഡെവോൺ കോൺവോയും ഹെൻറി നിക്കോൾസും മാത്രമാണ് തിളങ്ങിയത്.
ഏകദിന ലോകകപ്പ് അടുത്തിരിക്കെ യുവതാരങ്ങളുടെയും സീനിയർ താരങ്ങളുടെയും മികച്ച പ്രകടനം ക്രിക്കറ്റ് പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. പരമ്പരയിലെ ആദ്യമത്സരത്തിൽ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ ഗിൽ, മികവ് ആവർത്തിച്ചതോടെ ഇന്ത്യയുടെ ഓപ്പണിങ്ങിലെ ആശങ്കക്ക് ഏറെക്കുറെ പരിഹാരമായി. ഇന്നലത്തെ ജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു.