മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും. വത്തിക്കാൻ സമയം വൈകുന്നേരം നാലിന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിലായിരിക്കും തിരുക്കർമങ്ങൾ നടക്കുക.
വിവിധ രാജ്യങ്ങളെയും രൂപതകളെയും പ്രതിനിധാനം ചെയ്ത് ആയിരക്കണക്കിന് വിശ്വാസികളാണ് കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വൈദികരും അൽമായ പ്രതിനിധികളും ഉൾപ്പെടെ നിരവധി മലയാളികളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.
സ്ഥാനാരോഹണ തിരുക്കർമങ്ങൾക്കുശേഷം നവ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. അമലോദ്ഭവ തിരുനാൾദിനമായ ഡിസംബർ എട്ടിന് വത്തിക്കാൻ സമയം രാവിലെ 9.30 ന് മാർപാപ്പയോടൊപ്പം വിശുദ്ധ ബലിക്ക് നവ കർദിനാൾമാരും സന്നിഹിതരാകും.