Friday, March 6, 2026

പ്രകൃതി മല്ല: ലോകത്തിലെ ഏറ്റവും മനോഹരമായ കൈയക്ഷരത്തിന്റെ ഉടമ

കമ്പ്യൂട്ടറിൽ നിന്ന് പ്രിന്റ് എടുത്തതാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള അക്ഷരങ്ങൾ. നേപ്പാളിലെ ഒരു സൈനികവിദ്യാലയത്തിലെ വിദ്യാർഥിനിയായിരുന്ന പ്രകൃതി മല്ല ലോകശ്രദ്ധ നേടിയത് അവളുടെ അസാധാരണമായ കൈയക്ഷരത്തിലൂടെയാണ്. ഒരു സ്കൂൾ അസൈൻമെന്റിലൂടെ വൈറലായ ആ കൈയക്ഷരം ഇന്ന് ഡിജിറ്റൽ ലോകം മറന്നുപോകുന്ന ഒരു കലയുടെ ഉത്തമോദാഹരണമായി മാറിയിരിക്കുന്നു.

പ്രകൃതി മല്ല: അക്ഷരങ്ങളുടെ മാന്ത്രികത

ഡിജിറ്റൽ യുഗത്തിൽ എഴുത്ത് അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രകൃതിയുടെ കൈയക്ഷരം ചർച്ചയാകുന്നത്. 2025 ൽപ്പോലും അന്താരാഷ്ട്രതലത്തിൽ അവളുടെ കാലിഗ്രാഫി കഴിവുകൾ ആദരിക്കപ്പെട്ടു. യുഎഇയുടെ യൂണിയൻ ദിനത്തോടനുബന്ധിച്ച് പ്രത്യേക കത്ത് എഴുതാൻ ക്ഷണിക്കപ്പെട്ടതും ‘ലോകത്തിലെ ഏറ്റവും മനോഹരമായ കൈയക്ഷരത്തിന്റെ ഉടമ’ എന്ന വിശേഷണം നേടിയതും പ്രകൃതിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

എന്തുകൊണ്ടാണ് പ്രകൃതിയുടെ കൈയക്ഷരം ഇത്രയേറെ ആകർഷിക്കപ്പെടുന്നത്?

മനോഹരമായ കൈയക്ഷരം കേവലം കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല, അത് ആ വ്യക്തിയുടെ ഏകാഗ്രതയുടെയും ക്ഷമയുടെയും പ്രതിഫലനം കൂടിയാണ്. കീബോർഡിൽ ടൈപ്പ് ചെയ്യുന്നതും സ്ക്രീനിൽ സ്വൈപ്പ് ചെയ്യുന്നതും പോലെയല്ല പേന ഉപയോഗിച്ച് എഴുതുന്നത്. എഴുതുമ്പോൾ മനസ്സും ശരീരവും ഒന്നിക്കുന്നു. പേനയിലെ അമർത്തലും അക്ഷരങ്ങൾക്കിടയിലെ അകലവും നിയന്ത്രിക്കുമ്പോൾ മസ്തിഷ്കം സജീവമാകുന്നു.

എല്ലാവർക്കും പ്രകൃതി മല്ലയെപ്പോലെ എഴുതാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും ദിവസവും ഒരു വാചകമെങ്കിലും സ്വന്തം കൈപ്പടയിൽ എഴുതുന്നത് ശീലമാക്കാം. ദിവസവും ഒരു നല്ല വാചകം ഡയറിയിൽ കുറിക്കുക.

മാനസികാരോഗ്യത്തിനും ബുദ്ധിവികാസത്തിനും നാം നൽകേണ്ട ചെറിയൊരു സമ്മാനമാണ് കൈയക്ഷരം. സ്ക്രീനുകളിൽ നിന്ന് അൽപനേരം മാറിനിന്ന് ഒരു പേനയും പേപ്പറുമെടുത്ത് മനസ്സിരുത്തി എഴുതുന്നത് ഒരു ധ്യാനം പോലെ ഫലം നൽകും.

സീനിയ എൽസ ഇഗ്‌നേഷ്യസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News