സിറിയയിലെ അലപ്പോയിൽ ബോംബാക്രമണത്തെക്കുറിച്ചുള്ള ഭയം ഇപ്പോൾ എത്തിനിൽക്കുന്നത് പട്ടിണിയിലാണ്. വർധിച്ചുവരുന്ന ഭക്ഷണദൗർലഭ്യം ആളുകളെ പട്ടിണിയിലേക്കു തള്ളിവിടുകയാണെന്ന് അലെപ്പോയിലെ സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയിലെ ഇടവക വികാരിയായ ഫാ. ബഹ്ജത് കാരകാച്ച് വെളിപ്പെടുത്തുന്നു.
ആക്രമണഭീതിയിൽനിന്നും അലപ്പോ മുക്തമായിട്ടില്ലെങ്കിലും ഇപ്പോൾ അതിലും ആശങ്ക ഭക്ഷണമില്ലാത്ത സാഹചര്യമാണ്. എല്ലാം നഷ്ടപ്പെട്ട ആളുകൾ ഒരുനേരത്തെ ആഹാരത്തിനായി അലയുകയാണ്. കുതിച്ചുയർന്ന ഭക്ഷണവില, യുദ്ധം എല്ലാം നഷ്ടപ്പെടുത്തിയ ഒരുകൂട്ടം ജനതയെ പട്ടിണിയിലാഴ്ത്തുകയാണ്.
“നമ്മുടെ ദൈവാലയം പരിസരപ്രദേശങ്ങളിൽ അറിയപ്പെടുന്ന ഒരു വിതരണകേന്ദ്രമായി മാറിയിരിക്കുന്നു. എന്നാൽ, ഭക്ഷണം ചോദിച്ചെത്തുന്ന ആളുകളുടെ എണ്ണം വർധിക്കുകയാണ്. അത് ഞങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കാരണം, ഞങ്ങളുടെ സാധ്യതകൾ പരിമിതമാണ്. എല്ലാവരെയും പോറ്റാൻ ഞങ്ങൾക്ക് കഴിയുന്നില്ല എന്നത് വേദനാജനകമാണ്. അതിൽ മുൻഗണന കുട്ടികൾക്കും പ്രായമായവർക്കും ഭക്ഷണം നൽകുക എന്നതാണ്” – ഫാ. ബഹ്ജത് കാരകാച്ച് വെളിപ്പെടുത്തുന്നു.
ഒപ്പം ദൈനംദിന ജീവിതത്തിന്റെ മറ്റ് പ്രാഥമിക ആവശ്യങ്ങളും ഇവിടെ ലഭ്യമല്ല. വൈദ്യുതിയുടെ അഭാവം മണിക്കൂറുകളോളം ഈ പ്രദേശത്തെ ഇരുട്ടിലാക്കുന്നു. നഗരത്തിലെ ജീവിതം സാധാരണ നിലയിലാക്കാൻ തങ്ങളാൽ കഴിയുംവിധം പരിശ്രമിക്കുന്നുണ്ടെന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.