ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ ഇന്തോനേഷ്യ, ഈസ്റ്റ് തിമോർ, പാപ്പുവ ന്യൂ ഗിനിയ, സിംഗപ്പൂർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. സെപ്റ്റംബർ രണ്ടു മുതൽ 13 വരെയുള്ള പരിപാടി ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനമായിരിക്കും.
സെപ്റ്റംബർ രണ്ടിനു റോമിൽ നിന്നും യാത്ര തിരിക്കുന്ന പാപ്പാ പിറ്റേന്നായിരിക്കും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ എത്തുക. ആറാം തീയതി വരെ അവിടെ തുടരും. മുസ്ലീം ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്തോനേഷ്യയിൽ 80 ലക്ഷം കത്തോലിക്കരാണുള്ളത്.
സെപ്റ്റംബർ ആറു മുതൽ ഒമ്പതുവരെ ആയിരിക്കും പാപ്പുവ ന്യൂ ഗിനിയ സന്ദർശനം നടത്തുക. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. ഒമ്പതു മുതൽ 11 വരെ പാപ്പാ ഈസ്റ്റ് തിമോറിൽ ആയിരിക്കും. ഇവിടെ 96 ശതമാനവും കത്തോലിക്കരാണ്. 11 മുതൽ 13 വരെയാണ് സിംഗപ്പൂർ സന്ദർശനം. 3,95,000 വരുന്ന കത്തോലിക്കർ സിംഗപ്പൂരിലെ ജനസംഖ്യയുടെ മൂന്നു ശതമാനമേ വരൂ.