ഒക്ടോബര്‍ 7-ലെ ആക്രമണത്തെ തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ചതിന്റെ പേരില്‍ പലസ്തീനിയന്‍ സിവിലിയന്‍മാരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘമായ ഹമാസ് ഏറ്റെടുക്കുമോയെന്ന് സിഎന്‍എന്‍ ലേഖകന്‍ ജിം സ്യൂട്ടോ ചോദിച്ചതിന് പിന്നാലെ ഹമാസ് പൊളിറ്റ്ബ്യൂറോ അംഗം ഒസാമ ഹംദാന്‍ അഭിമുഖം അവസാനിപ്പിച്ച് എഴുന്നേറ്റ്‌പോയി.
കഴിഞ്ഞ ശനിയാഴ്ച നടത്തിയ അഭിമുഖത്തിനിടെ ‘ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തില്‍ ഹമാസ് ഇന്ന് ഖേദിക്കുന്നുണ്ടോ?’ എന്ന് സ്യൂട്ടോ ചോദിച്ചു. ‘ഇസ്രായേല്‍ ചെയ്തതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കുമ്പോള്‍ പലസ്തീനികളെ കൊല്ലാനുള്ള അവകാശം നിങ്ങള്‍ ഇസ്രായേലികള്‍ക്ക് നല്‍കുന്നതായി എനിക്ക് തോന്നുന്നു’ എന്ന് ഹംദാന്‍ മറുപടിയായി പറഞ്ഞു.
‘കഴിഞ്ഞ 76 വര്‍ഷമായി ഇസ്രായേല്‍ പലസ്തീനികളെ കൊല്ലുകയാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം’ എന്നും ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് പതിറ്റാണ്ടായി താന്‍ ഈ പ്രദേശം കവര്‍ ചെയ്യുന്നുണ്ടെന്ന് സ്യൂട്ടോ പറഞ്ഞപ്പോള്‍, അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ താങ്കള്‍ ‘ഇസ്രായേല്‍ കണ്ണുകളിലൂടെ’ മാത്രമാണ് സംഘര്‍ഷം കണ്ടതെന്ന് ഹംദാന്‍ ആരോപിച്ചു.
അഭിമുഖത്തിനിടെ, 1993ലെ ഓസ്ലോ കരാറിന്റെ പരാജയത്തിന് ഇസ്രായേലിനെ ഹംദാന്‍ കുറ്റപ്പെടുത്തി. എല്ലാ പലസ്തീനികളെയും പുറത്താക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായും ഹംദാന്‍ ആരോപിച്ചു. ഒക്ടോബര്‍ 7 മുതല്‍ വെസ്റ്റ്ബാങ്കില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിന് ഹമാസിന് പങ്കില്ലെന്നും ഹംദാന്‍ വാദിച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ക്കാര്‍ക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടന പതിവായി ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് ഹംദാന്റെ ന്യായീകരണം.
പലസ്തീന്‍ അതോറിറ്റി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7 മുതല്‍ 630-ലധികം പലസ്തീനികള്‍ വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ഭീകരര്‍ തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു, ഇത് ഗാസയില്‍ യുദ്ധത്തിന് കാരണമായി.
യുദ്ധസമയത്ത് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരില്‍ ബഹുഭൂരിപക്ഷവും തോക്കുധാരികളോ സൈന്യവുമായി ഏറ്റുമുട്ടിയ കലാപകാരികളോ ആക്രമണം നടത്തുന്ന തീവ്രവാദികളോ ആണെന്ന് ഐഡിഎഫ് പറയുന്നു. ഗാസയില്‍, 40,000-ത്തിലധികം പലസ്തീനികള്‍ യുദ്ധത്തിലുടനീളം കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഓഗസ്റ്റ് വരെ യുദ്ധത്തില്‍ ഏകദേശം 17,000 പോരാളികളെയും ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രായേലിനുള്ളില്‍ 1,000 ഭീകരരെയും ഹമാസ് കൊന്നതായി ഇസ്രായേല്‍ പറയുന്നു.