അച്ചടിമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വിപുലമായ അധികാരം നല്‍കിയുള്ള പ്രസ് ആന്‍ഡ് രജിസ്ട്രേഷന് ഓഫ് പീരിയോഡിക്കല്‍സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ വ്യാഴാഴ്ച ലോക്സഭയും പാസാക്കി. പ്രതിപക്ഷാംഗങ്ങളെ കൂട്ടമായി സസ്പെന്‍ഡ് ചെയ്തിരുന്നതിനാല്‍ ബില്ലിലെ മാധ്യമദ്രോഹ വ്യവസ്ഥകളെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല.
അച്ചടിമാധ്യമത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനും മരവിപ്പിക്കാനും പ്രസ് രജിസ്ട്രാര്‍ ജനറലിന് ബില്‍ അധികാരം നല്കുന്നു. എപ്പോള്‍ വേണമെങ്കിലും മാധ്യമ ഓഫീസില്‍ പരിശോധന നടത്താം. സര്‍ക്കുലേഷന്‍ പരിശോധിക്കുന്നതിന് ഗസറ്റഡ് തസ്തികയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്താം.
യുഎപിഎ കേസിലും രാജ്യസുരക്ഷയ്ക്കെതിരായ ഏതെങ്കിലും പ്രവൃത്തിയുടെ പേരിലും ശിക്ഷിക്കപ്പെട്ടവര്‍ക്ക് അച്ചടിമാധ്യമങ്ങള്‍ നടത്താന്‍ അനുമതിയുണ്ടാകില്ല. രാജ്യസുരക്ഷയ്ക്കെതിരായ കാര്യങ്ങള്‍ ഏതെല്ലാമെന്ന് ബില്ലില്‍ വ്യവസ്ഥയില്ല. രജിസ്ട്രാര്‍ ജനറലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ അപ്പലേറ്റ് അതോറിറ്റിയുണ്ട്. ഇതില്‍ പ്രസ്കൗണ്‍സില്‍ ചെയര്‍മാനും മറ്റ് രണ്ട് പ്രസ്കൗണ്‍സില്‍ അംഗങ്ങളുമുണ്ടാകും.