ജൂലായില്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ലോക അത്ലറ്റിക്‌സ് സംഘടന. 50,000 ഡോളര്‍ അഥവാ 41.6 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ജേതാക്കള്‍ക്ക് സമ്മാനത്തുക ലഭിക്കുന്നത്. ഒളിമ്പിക്‌സില്‍ സമ്മാനത്തുക നല്‍കുന്ന ആദ്യ അന്താരാഷ്ട്ര ഫെഡറേഷമായി മാറാനൊരുങ്ങുകയാണ് ലോക അത്ലറ്റിക്‌സ് സംഘടന.
പാരീസ് ഒളിമ്പിക്‌സിലെ 48 അത്‌ലറ്റിക്‌സ് ഇനങ്ങളിലും സ്വര്‍ണം നേടുന്നവര്‍ക്ക് ലോക അത്ലറ്റിക്‌സ് സംഘടന ഈ തുക സമ്മാനമായി നല്‍കും. നാലു വര്‍ഷത്തിലൊരിക്കല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്ന് ലോക അത്ലറ്റിക്‌സ് സംഘടനയ്ക്ക് ലഭിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുക. ഇതോടൊപ്പം 2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ വെള്ളിയും വെങ്കലവും നേടുന്നവര്‍ക്കും സമ്മാനത്തുക നല്‍കുമെന്നും ലോക അത്‌ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു.