ഉക്രൈനിലെ തകർന്ന ആശുപത്രിയുടെ മുന്നിലൂടെ സ്ട്രക്ച്ചറിൽ രക്ഷാപ്രവർത്തകർ എടുത്തുകൊണ്ട് പോകുന്ന പൂർണ്ണ ഗർഭിണി. മരണത്തോട് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും തന്റെ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കുവാൻ ഒരു കൈകൊണ്ട് സംരക്ഷണ വലയം തീർത്തിരുന്നു ആ അമ്മ. ഉക്രൈൻ യുദ്ധത്തിന്റെ ഭീകരത വിളിച്ചോതിയ, ലോകമനഃസാക്ഷിക്കു മുന്നിൽ നോവിന്റെ നെരിപ്പോടായി മാറിയ ആ ചിത്രത്തെ അവഗണിക്കുവാൻ പ്രശസ്തമായ പുലിറ്റ്സർ പുരസ്‌കാര വേദിക്കും കഴിഞ്ഞില്ല.
അസ്സോസിയേറ്റ് പ്രെസ്സിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകർത്തിയത്. യുദ്ധ ഭീകരതയുടെ ക്രൂരത വെളിപ്പെടുത്തിയ ഈ ചിത്രത്തിനും ഒപ്പം ഉക്രൈനിൽ നിന്നുള്ള ചിത്രങ്ങൾക്കും ആണ് ഈ വർഷത്തെ പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചത്. ഇത് മാത്രമല്ല, യുദ്ധത്തിന്റെ ഭീകര മുഖം തുറന്ന് കാട്ടുന്ന നിരവധി ചിത്രങ്ങൾ ലോകശ്രദ്ധ നേടുകയുണ്ടായി ഇക്കാലയളവിൽ. യുദ്ധത്തിന്റെ ഭയാനകവും ഹൃദയഭേദകവുമായ രംഗങ്ങളുടെ എണ്ണമറ്റ ചിത്രങ്ങൾ, സൈനികരുടെയും സാധാരണക്കാരുടെയും ധീരമായ പ്രവൃത്തികളാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്.
ഉക്രൈൻ യുദ്ധത്തിലെ ഹൃദയം തകർക്കുന്ന കാഴ്ചകൾ അനേകം ആണ് നാം നവമാധ്യമങ്ങളിലൂടെയും വാർത്ത മാധ്യമങ്ങളിലൂടെയും കണ്ടത്. ഓരോ കാഴ്ചയും സമാനതകളില്ലാത്ത വികാരങ്ങളാണ് ഓരോരുത്തരുടെയും ഉള്ളിൽ നിറച്ചത്; കൂടെ ‘ഇനി ഇങ്ങനെയൊന്നും ആർക്കും സംഭവിക്കരുതേ’ എന്ന പ്രാർത്ഥനയും. യുദ്ധം തുടങ്ങി ഒരു കൊല്ലം കഴിഞ്ഞിട്ടും രാജ്യത്ത് കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. ഉക്രൈൻ ജനത തങ്ങളുടെ ദുരിത ജീവിതത്തിൽ നഷ്ടങ്ങളുടെ സങ്കടവും പേറി ജീവിക്കുന്നു.
ആ ചിത്രത്തിൽ ലോക മനസാക്ഷിക്ക് മുന്നിൽ നോവായി മാറിയ യുവതി പിന്നീട് ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു.