Monday, November 25, 2024

ടൈറ്റന്‍ സമുദ്രപേടകത്തിന്‍ന്റെ ശേഷിപ്പുകള്‍ കരയ്‌ക്കെത്തിച്ചു

അ‍ഞ്ചു സഞ്ചാരികളുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സ് തുറമുഖത്താണ് സമുദ്രപേടകത്തിന്റെ ശേഷിപ്പുകളുമായി കനേഡിയന്‍ കപ്പലായ ഹൊറൈസണ്‍ ആര്‍ട്ടിക്കിൾ തീരം തൊട്ടത്. അപകടത്തിനു പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് ഇത്.

സമുദ്രപേടകത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി നേരത്തെ യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ അഥവാ ആര്‍.ഒ.വി സംവിധാനമുള്ള കനേഡിയന്‍ കപ്പലായ ഹൊറൈസണ്‍ ആര്‍ട്ടിക്കിളിന്റെ പത്തു ദിവസത്തെ ദൗത്യത്തിനു പിന്നാലെയാണ് അവശിഷ്ടങ്ങള്‍ തീരത്തെത്തിച്ചത്. യുഎസ് ആസ്ഥാനമായുള്ള ആര്‍.ഒ.വി ഉടമ പെലാജിക് റിസര്‍ച്ച് സര്‍വീസസ്, അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിച്ചു. സമുദ്രപേടകത്തിന്റെ ഭാഗങ്ങള്‍ കപ്പലില്‍ നിന്ന് പുറത്തെടുക്കുന്ന ചിത്രങ്ങളും ആര്‍.ഒ.വി പുറത്തുവിട്ടു.

ജൂണ്‍ 18-ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ താഴെയായിട്ടാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 500 മീറ്റര്‍ അകലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ആര്‍.ഒ.വി ഉടമ ലാജിക് പറഞ്ഞു.

Latest News