ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്ക് പാട്ടില്‍ അവകാശം ഉന്നയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേ ഇളയരാജ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചു. ഇതിനെ എതിര്‍ത്താണ് കമ്പനി അപ്പീല്‍ സമര്‍പ്പിച്ചത്.
ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടുകള്‍ എന്ന് എതിര്‍ഭാഗം വാദിച്ചു. ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്നും വരികളില്ലാതെ ഗാനമുണ്ടോയെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജൂണ്‍ രണ്ടാം വാരം വീണ്ടും കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനുമുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.