സഫോക്കിലെ ബ്രാൻഡനിലെ നമ്പർ 30 കോഫി ലോഞ്ചിലേക്ക് എത്തുന്നവർക്ക് അൽഫോൺസോ എന്ന എ ഐ റോബോട്ട് വെയ്റ്റർ ഒരു കൗതുകമാണ്. കഫേയിലേക്ക് എത്തുന്നവർക്ക് ആവശ്യമായത് അവരുടെ ടേബിളിൽ എത്തിക്കാനും അവരെ സന്തോഷിപ്പിക്കാനും അൽഫോൺസോ എപ്പോഴും തയ്യാറാണ്. റസ്റ്റോറന്റിന്റെ മാനേജർ നിക്കി പ്ലൂം ആളുകളെ സന്തോഷിപ്പിക്കാനുള്ള അൽഫോൺസോയുടെ കഴിവിനെക്കുറിച്ച് വാചാലനായി. റസ്റ്റോറന്റിലേക്ക് എത്തുന്നവർക്കിടയിൽ അൽഫോൺസോ സംസാരവിഷയമായി എന്നാണ് ഇദ്ദേഹം പറയുന്നത്.
റെസ്റ്റോറന്റിലെ മറ്റു ജീവനക്കാരികളായ സ്ത്രീകൾക്ക് അൽഫോൺസോ ഒരു സഹായമാണ്. വൈകുന്നേരങ്ങളിൽ ഈ റെസറ്റോറന്റ് ഇറ്റാലിയൻ റെസ്റ്റോറന്റ് ആകുമ്പോഴും, ഭക്ഷണം കൊണ്ടുവരാനും മേശ വൃത്തിയാക്കാനുമെല്ലാം റോബോ സഹായിക്കും. റെസ്റ്റോറന്റിലേക്കെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അൽഫോൺസോയെ ഏറെ ഇഷ്ടമാണ്. ‘അവൾ’ ചെയ്യുന്ന പ്രവർത്തികൾ കാണാൻവേണ്ടി മാത്രം റെസ്റ്റോറന്റിൽ എത്തുന്നവരുമുണ്ട്.
രാജ്യത്തുടനീളമുള്ള മറ്റു റെസ്റ്റോറന്റുകളും സമാനമായ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്ക് വില കൂടുതലാണ്. കൂടുതൽ സാങ്കേതികവിദ്യ ഉപഭോക്തൃശീലങ്ങളെയും അനുഭവങ്ങളെയും സ്വാധീനിക്കുന്നുണ്ട്.