Sunday, November 24, 2024

റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ -25 ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നു

അരനൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്ന ലൂണ 25 ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നു. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ വന്ന പിഴവാണ് അപകടകാരണമെന്നാണ് വിവരം.

ആഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ -25 തിങ്കളാഴ്ച ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതിക പ്രശ്നമുണ്ടാവുകയായിരുന്നു. ലൂണ -25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചത്.

47 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു റഷ്യയുടെ ദൗത്യം.

Latest News