Friday, April 18, 2025

അഴിയുന്ന മുഖംമൂടികളും തല്ലിക്കെടുത്തുന്ന ദേശസ്നേഹവും: റഷ്യൻ ക്രൂരതകൾക്കു പിന്നാലെ ഒരു യാത്ര

“അവർ അവനെ മർദ്ദിച്ച ശേഷം വെടിവയ്ക്കുമെന്ന മട്ടിൽ പുറത്തേക്കു കൊണ്ടുപോയി. അവിടെ നിലത്തു കിടത്തി പത്തു വരെ എണ്ണാൻ പറഞ്ഞു. എന്നാൽ അവൻ ചെയ്തില്ല. അതിനാൽ അവർ പിസ്റ്റൾ ഉപയോഗിച്ച് അവന്റെ തലയിൽ ക്രൂരമായി മർദ്ദിച്ചു. അവന്റെ മുഖം മുഴുവൻ രക്തത്താൽ നിറഞ്ഞു. എന്നിട്ട് അവർ അവനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി അവനോട് പറഞ്ഞു: ‘നീ ഞങ്ങളുടെ കൂടെ വരുന്നു, അല്ലെങ്കിൽ ഞങ്ങൾ നിന്നെ കൊല്ലും'” – റഷ്യയിൽ നിന്നും ഒരു പിതാവ്, തന്റെ മകൻ റഷ്യൻ പട്ടാളത്തിന്റെ കൈകളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരതകൾ വെളിപ്പെടുത്തുകയാണ്. സെർജിയും സ്റ്റാസും ആണ് ക്രൂരതകൾക്ക് ഇരയാകേണ്ടി വന്ന അച്ഛനും മകനും. ഈ അച്ഛന്റെയും മകന്റെയും പേരുകൾ യഥാർത്ഥമല്ല. എങ്കിലും അവർ വിവരിക്കുന്നത് റഷ്യയിൽ നിർബന്ധിത സൈനികസേവനത്തിനായി ഇറങ്ങിപ്പുറപ്പെടുന്ന യുവാക്കളുടെ ദുരനുഭവങ്ങളാണ്, വേദനകളാണ്.

നിർബന്ധിത സൈനികസേവനത്തിന്റെ മറവിൽ ഉക്രൈനിലെ സാധാരണക്കാർക്കെതിരെ യുദ്ധം ചെയ്യാൻ പോരാട്ടഭൂമിയിലേയ്ക്ക് അയക്കപ്പെട്ടവനാണ് സ്റ്റാസ് എന്ന യുവാവ്. നിർബന്ധിത സേവനത്തിനായി എത്തുന്നവരെ യുദ്ധഭൂമിയിലേക്ക് അയക്കുന്നത് പ്രത്യേക സുരക്ഷകൾ ഒന്നുംതന്നെ ഇല്ലാതെയാണ്. അവർക്ക് സുരക്ഷാമറയില്ല; ഒരു തയ്യാറെടുപ്പുമില്ല. മുന്നറിയിപ്പോ, വിദഗ്ധ നിർദ്ദേശങ്ങളോ ഒന്നുമില്ല. യുദ്ധം ചെയ്യുക എന്ന് പറഞ്ഞുകൊണ്ട് ഓരോ സ്ഥലങ്ങളിലേക്കും അയക്കും. പലപ്പോഴും എതിർസൈന്യത്തിന്റെ വെടിയേറ്റു മരിക്കുക എന്നതാണ് ഇവരുടെ വിധി. അതിനാൽ തന്നെ ജീവനോടെ ഒരു മടക്കം എന്നത് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലാത്ത കാര്യമാണ് – സ്റ്റാസ് വെളിപ്പെടുത്തുന്നു.

അവിടെ എത്തിയപ്പോൾ മുതൽ സ്റ്റാസ്, യുദ്ധം ചെയ്യന്നതിൽ നിന്ന് പിന്മാറാനുള്ള അവസരങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് പിതാവിന് കത്തുകളെഴുതി. “യുദ്ധം ചെയ്യാൻ വിസമ്മതിക്കുക എന്നത് വളരെ പ്രയാസകരമായ ഒരു തീരുമാനം ആയിരിക്കും. അതിനാൽ ഏറ്റവും ഉചിതമെന്നു തോന്നുന്നത് ചെയ്യാൻ അവനോട് ഞാൻ പറഞ്ഞു. കാരണം, ഇത് നമ്മുടെ യുദ്ധമല്ല; ഇത് വിമോചനയുദ്ധമല്ല.” മകന് തിരികെപ്പോരാൻ അനുവാദം നൽകി അദ്ദേഹം എഴുതി. എന്നാൽ യുദ്ധം ചെയ്യാൻ വിസമ്മതിച്ച സ്റ്റാസിനെയും മറ്റ് ഏതാനും ആളുകളെയും പട്ടാളം തടവിലാക്കി. അവർ യുദ്ധഭൂമിയിൽ നിന്നും രക്ഷപെടാതിരിക്കാൻ പ്രത്യേകം കാവൽ ഏർപ്പെടുത്തി. മകന്റെ മോചനത്തിനായി സെർജി ഒരുപാട് നടന്നു. ആദ്യം നിരാശയായിരുന്നു ഫലം. ഒപ്പം മകന് നേരിടേണ്ടിവന്ന ക്രൂരതകളും. ഒടുവിൽ ആ അപ്പന് നീതി ലഭിച്ചു. മകനെ തിരികെ അയക്കുവാൻ അവർ തീരുമാനിച്ചു.

ഫെബ്രുവരിയിൽ റഷ്യ ഉക്രൈനിൽ സമ്പൂർണ്ണ അധിനിവേശം ആരംഭിച്ചപ്പോൾ സ്റ്റാസ്, സെർവിങ് ഓഫീസർ ആയിരുന്നു. ആ സമയം പരിശീലനം പൂർത്തിയാക്കിയ സൈനികരെ മാത്രമേ യുദ്ധത്തിന് അയക്കുകയുള്ളൂ എന്ന് പുടിൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സെപ്റ്റംബറോടെ എല്ലാം മാറിമറിഞ്ഞു. ലക്ഷക്കണക്കിന് റഷ്യൻ പൗരന്മാരെ സായുധസേനയിലേക്ക് നിർബന്ധിതമായി ചേർത്തു. കൃത്യമായ പരിശീലനമോ, സുരക്ഷാമാർഗ്ഗങ്ങളോ, ആയുധങ്ങളോ ഇല്ലാതെ അവരെ യുദ്ധഭൂമിയിലേക്കു കൊണ്ടുവിട്ടു. യുദ്ധം ചെയ്യാൻ വിസമ്മതിച്ചവരെ രഹസ്യ അറകളിൽ പാർപ്പിച്ച് പീഡിപ്പിച്ചു.

മനുഷ്യത്വരഹിതം ഈ പെരുമാറ്റം

“തന്റെ അംഗത്തെ സുനിശ്ചിതമായ ഒരു മരണത്തിലേക്ക് നയിക്കാൻ അവൻ നിർബന്ധിതനായി. ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ, അവർ മുന്നോട്ടു പോയാൽ, അവർ ജീവനോടെ പുറത്തു പോകില്ലെന്ന് അദ്ദേഹം മനസിലാക്കി. അവൻ മുന്നോട്ട് പോകാൻ തയ്യാറായില്ല. അതിനാൽ അവനെയും ഏതാനും മറ്റു സൈനികരെയും തടവിലാക്കിയതായി എനിക്ക് അറിവ് ലഭിച്ചു. ഏതാണ്ട് അഞ്ചു മാസത്തോളം അവനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.” റഷ്യൻ സൈന്യത്തിന്റെ നിർബന്ധിത സേവനത്തിനു വിധിക്കപ്പെട്ട ആന്ദ്രേയുടെ അമ്മയുടെ വാക്കുകളാണ് ഇത്. “അവർ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെ ഷെല്ലാക്രമണമുണ്ടായെന്നും അഞ്ചു പേരെയും കാണാതായെന്നും പിന്നീട് എന്നോട് പറഞ്ഞു; അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പറയുന്നു. ഇത് ന്യായമല്ല. എന്റെ മകനോട് പെരുമാറിയ രീതി നിയമവിരുദ്ധം മാത്രമല്ല, മനുഷ്യത്വരഹിതവുമാണ്” – ഓക്‌സാന എന്ന ഈ അമ്മ കണ്ണീരോടെ പറയുന്നു.

“തന്റെ സ്വന്തം രാജ്യം തന്നോട് ഇങ്ങനെ പെരുമാറുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. അവൻ ആകെ മാറിയിരിക്കുന്നു. സ്വന്തം രാജ്യത്തോടുള്ള സ്നേഹവും രാജ്യത്തിന്റെ പ്രവർത്തികളെക്കുറിച്ചുള്ള അഭിമാനവും അവനിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. എത്ര അപകടത്തിലാണ് തങ്ങളെന്ന് ഇവിടുത്തെ ആളുകൾക്ക് മനസിലാകുന്നില്ല. എതിർപക്ഷത്തു നിന്നല്ല. നമ്മുടെ ഭാഗത്തു നിന്നാണ് കൂടുതൽ ആക്രമണം ഉണ്ടാകുന്നത്. അത് വേദനാജനകമാണ്” – സെർജി മകന്റെ അനുഭവത്തെക്കുറിച്ച് വിവരിക്കുന്നു.

ഉക്രൈൻ ജനതയോടു മാത്രമല്ല, സ്വന്തം ജനത്തോടും യുദ്ധത്തിന്റെ മറവിലും ദേശസ്നേഹത്തിന്റെ മറവിലും റഷ്യൻ ഭരണകൂടവും സൈന്യവും കാട്ടുന്ന ക്രൂരതകളുടെ സാക്ഷ്യമാണ് സെർജിയും സ്റ്റാസും വെളിപ്പെടുത്തുന്നത്. അയൽരാജ്യമല്ല, സ്വന്തം രാജ്യം തന്നെയാണ് തങ്ങളുടെ ശത്രു എന്ന തിരിച്ചറിവിലാണ് ഇന്ന് പല റഷ്യക്കാരും. അതിലേയ്ക്ക് വഴിതെളിക്കുന്ന ഏതാനും അനുഭവങ്ങൾ ലോകത്തിനു മുന്നിലേക്ക് എത്തുമ്പോൾ റഷ്യൻ മുഖമൂടികൾ അഴിഞ്ഞുവീഴുകയാണ്.

Latest News