റഷ്യയുടെ കോവിഡ് വാക്‌സിൻ ആയ സ്പുട്നിക് വികസിപ്പിച്ച ശാസ്ത്രജ്ഞരിൽ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്പുട്നിക് നിർമിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ആന്ദ്രെയ് ബോട്ടികോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ബോട്ടികോ താമസിച്ചിരുന്ന അപാർട്മെന്റിൽ ബെൽറ്റു കൊണ്ട് കഴുത്തു മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. പ്രതിയായ യുവാവുമായുണ്ടായ തർക്കത്തിനിടെ ബെൽറ്റ് ഉപയോഗിച്ച് ഇയാൾ ബോട്ടികോവിന്റെ കഴുത്തില്‍ ഞെരുക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു എങ്കിലും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2021ൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 2020-ൽ സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളാണ് ബോട്ടിക്കോവ്. ഗമേലിയ നാഷണൽ റിസർച്ച് സെൻറർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിലെ ഗവേഷകനാണ് ഇദ്ദേഹം.