Wednesday, February 19, 2025

ഈ പ്രണയദിനത്തിൽ അറിയാം: ഇംറോസും അമൃത പ്രീതവും തമ്മിലുള്ള ആത്മീയപ്രണയം

“ഞാൻ നിങ്ങളെ ഇനിയും കാണും. എങ്ങനെ, എവിടെ എന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ തീർച്ചയായും നിങ്ങളെ കാണും.” തന്റെ ആത്മസുഹൃത്തിനായി അവസാനമായി കുറിച്ച വരികളാകുമ്പോൾ ഇതിന് തീവ്രതകൂടും.

പ്രണയത്തെക്കുറിച്ച് വാതോരാതെ നാം സംസാരിക്കാറുണ്ട്. പ്രണയത്തിന്റെ പല തലങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവരുമാകാം നാമെല്ലാവരും.  ആത്മീയപ്രണയത്തെക്കുറിച്ചും അത് എങ്ങനെയെന്ന് ലോകത്തെ കാണിച്ചുതന്നതുമായ ഒരു സ്ത്രീയും പുരുഷനുമുണ്ട്. ഇന്ത്യയിൽനിന്നുള്ള  പ്രശസ്തരായ രണ്ടു വ്യക്തികളാണ് അവർ. പ്രശസ്ത ചിത്രകാരനും കലാകാരനുമായ ഇംറോസിന്റെയും ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്ത ക്ലാസിക്കൽ നോവലായ പിഞ്ചാർ എഴുതിയ പഞ്ചാബി കവിയും എഴുത്തുകാരിയുമായ അമൃത പ്രീതത്തിന്റെയും ജീവിതമാണ് ഈ പ്രണയദിനത്തിൽ എഡിറ്റ് കേരള വായനക്കാർക്കായി പങ്കുവയ്ക്കുന്നത്.

എതിർലിംഗത്തിലുള്ള രണ്ട് വ്യക്തികൾ എങ്ങനെയാണ് ഒരു മേൽക്കൂരയ്ക്കു കീഴിൽ ഒന്നും ആവശ്യപ്പെടാതെ, നിസ്വാർഥമായി സേവിക്കുകയും പരസ്പരം കരുതുകയും ചെയ്യുന്നത്? ഇന്ത്യയിലെ രണ്ട് ഇതിഹാസ വ്യക്തികളായ ഇംറോസും അമൃത പ്രീതവും തമ്മിലുള്ള ആത്മീയപ്രണയത്തിന്റെ കഥ അറിഞ്ഞിരിക്കണം.

അമൃത പ്രീതം

പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും കവയിത്രിയുമാണ് അമൃത പ്രീതം. ചെറുപ്രായത്തിൽതന്നെ, അതായത് അവരുടെ പതിനാറാം വയസ്സിൽ, സാഹിത്യത്തിൽ അഭിരുചിയില്ലാത്ത ഒരു ബിസിനസുകാരനെ അവർ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ടായി. എന്നാൽ വളരെ പെട്ടെന്നുതന്നെ ഭർത്താവ് പ്രീതം, അമൃതയെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക് താൻ അനുയോജ്യനല്ലെന്നു മനസ്സിലാക്കി. അങ്ങനെ അദ്ദേഹം അവളെ വിവാഹമോചനം ചെയ്തുകൊണ്ട് അവളെ മോചിപ്പിച്ചു. എന്നാൽ അമൃത വളരെ സൗമ്യയായതിനാൽ ജീവിതകാലം മുഴുവൻ പ്രീതം എന്ന തന്റെ കുടുംബപ്പേര് ഉപേക്ഷിച്ചില്ല.

മജ്‌റൂഹ് സുൽത്താൻ പുരി

വിവാഹമോചനത്തിനുശേഷം അമൃത തന്റെ പിതാവിന്റെ വീട്ടിൽ സ്ഥിരതാമസമാക്കി. അവിടെ ഒരു പൊയറ്റിക് സിമ്പോസിയത്തിൽ (മുഷൈറ) പ്രമുഖ ഉറുദു കവിയും ഗാനരചയിതാവുമായ മജ്‌റൂഹ് സുൽത്താൻ പുരിയെ കണ്ടുമുട്ടി. ആദ്യ കൂടിക്കാഴ്ചയിൽതന്നെ അവർ പരസ്പരം പ്രണയത്തിലായി. മജ്‌റൂഹ് സുൽത്താൻ പുരി എല്ലാ വൈകുന്നേരവും അവളുടെ വീട്ടിൽവന്ന് നിശ്ശബ്ദമായി ഇരുന്നു. ചായ കുടിച്ചു. പകുതി കത്തിച്ച സിഗരറ്റുകൾ ആഷ് ട്രേയിൽ വച്ചു. പകുതി കത്തിച്ച സിഗരറ്റുകൾ പിന്നീട് അമൃത, മജ്‌റൂഹിന്റെ ചുണ്ടുകളുടെ സ്പർശനം അനുഭവിക്കാൻ ഉപയോഗിച്ചു.

ഈ പ്രണയശീലം അവളെ ഒരു പുകവലിക്കാരിയാക്കി. എന്തായാലും, മതത്തിന്റെ തടസ്സം കാരണം മജ്‌റൂഹിന്റെ അമ്മ വിവാഹത്തിന് അനുമതി നൽകിയില്ല. അതോടെ നിരാശയിലായ മജ്‌റൂഹ് ബോളിവുഡിൽ ഒരു ഗാനരചയിതാവായി ജോലിചെയ്യാൻ മുംബൈയിലേക്കു പോയി. അമൃത പൂർണ്ണമായും തകർന്നു. മാനസികാഘാതത്തിന്റെ ഈ സമയത്ത് യാദൃശ്ചികമായി ഇംറോസ് അവളുടെ രക്ഷയ്ക്കായി എത്തി.

അമൃത പ്രീതത്തിന്റെ ജീവിതത്തിലെ ശാശ്വതപ്രണയം – ഇംറോസ്

അക്കാലത്ത് ഒരു പരാജിത ചിത്രകാരനായിരുന്നു ഇംറോസ്. ഡൽഹിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ അമൃതയെ കണ്ടുമുട്ടിയ സമയത്ത് അവിടെ അമൃത കവിതകൾ റെക്കോർഡ് ചെയ്യുകയായിരുന്നു. ക്രമേണ അവർ സുഹൃത്തുക്കളായിമാറി. അവരുടെ സൗഹൃദം വളരെ ശക്തമാകുകയും ഡൽഹിയിലെ ഒരു വാടകവീട്ടിൽ ഒരുമിച്ചുതാമസിക്കാൻ അവർ തീരുമാനിക്കുകയും ചെയ്തു.

അവർ ബസിൽ ഒരുമിച്ച് യാത്ര ചെയ്തു. പിന്നീട് ഇംറോസ് അമൃതയ്ക്കായി ഒരു സ്കൂട്ടർ വാങ്ങി. അമൃതയും മജ്‌റൂഹും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇംറോസിന് നന്നായി അറിയാമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സ്നേഹം സത്യവും നിസ്വാർഥവുമായിരുന്നു. പിന്നീട് അവർ ഡൽഹിയിലെ ഹൗസ് ഖാസിൽ ഒരു വീട് വാങ്ങി, അമൃതയുടെ കുട്ടികളോടൊപ്പം അവിടെ താമസമാക്കി. അദ്ദേഹം അവരുടെ കുട്ടികളെ ‘ഞങ്ങളുടെ കുട്ടികൾ’ ആയി കണക്കാക്കി.

ആത്മീയപ്രണയം

ആത്മീയസ്നേഹം ശരീരത്തിലല്ല, ആത്മാവിലാണ് വേരൂന്നിയിരിക്കുന്നത്. അത് ശാരീരികാവശ്യങ്ങൾ അറിയുന്നില്ല. ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അത് നമ്മെ സഹായിക്കുന്നു. ആത്മീയസ്നേഹത്തിന് ആഗ്രഹമില്ല; പകരം ഒന്നും ആവശ്യപ്പെടുന്നില്ല. അമൃതയും പ്രീതവും തമ്മിലുള്ളത് അത്തരമൊരു സ്നേഹമായിരുന്നു. ഒന്നും ആവശ്യപ്പെടാതെയോ, പരാതിപ്പെടാതെയോ അവർ പരസ്പരം ജീവിതം സമർപ്പിച്ചു.

ഇംറോസ് അവളുടെ ദീർഘകാല കൂട്ടുകാരിയും ആത്മമിത്രവുമായിരുന്നു. അമൃതയുടെ മരണം വരെ അവർ നാൽപതു വർഷത്തിലേറെ ഒരുമിച്ചു ജീവിച്ചു. പക്ഷേ അവർ ആരിലും ഒരു നിയന്ത്രണവും ഏർപ്പെടുത്തിയില്ല. രണ്ടുപേർക്കും അവരുടെ ദിനചര്യകൾ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. പരസ്പരം നിരുപാധികമായ സ്നേഹത്തിൽ മാത്രമേ അവർ പ്രതിജ്ഞാബദ്ധരായിരുന്നുള്ളൂ.

അവർ പരസ്പരം ഒരു ലോകം ആയിരുന്നു. അവരുടെ പരസ്പര സ്വീകാര്യത പൂർണ്ണമായിരുന്നു. വാക്കുകളില്ലാതെ നിശ്ശബ്ദമായി പരസ്പരം നോക്കി മണിക്കൂറുകളോളം ഇരുന്നു. ഇംറോസ് ഒരിക്കലും അമൃതയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചില്ല. പക്ഷേ അവളോട് അർപ്പണബോധത്തോടെ ബന്ധം തുടർന്നു. ഒരു മേൽക്കൂരയ്ക്കുകീഴിൽ രണ്ടു മുറികളിൽ ജീവിച്ചുകൊണ്ട് അവർ പരസ്പരം ആത്മാർഥമായി പ്രണയിച്ചു. അദ്ദേഹം അവളുടെ രണ്ട് മക്കളെ സ്വീകരിച്ചു, ഒരു യഥാർഥ പിതാവിനെപ്പോലെ അവരെ സ്നേഹിച്ചു.

അവസാന ദിവസങ്ങൾ

അവളെ ഒരു ആത്മാർഥ കാമുകിയെപ്പോലെ, രാവും പകലും ഇംറോസ് പരിപാലിച്ചു. അവളുടെ മരണശേഷവും അവൾ എപ്പോഴും തന്റെ ചുറ്റുമുണ്ടെന്ന് ഇമ്രോസ് വിശ്വസിച്ചു. അവളുടെ മരണം അയാൾ വിശ്വസിസിച്ചിരുന്നില്ല. അവൻ പറയുന്നു: “അവൾ എന്റെ ചുറ്റുമാണ് ജീവിക്കുന്നത്. എനിക്ക് അവളുടെ സാന്നിധ്യം അനുഭവിക്കാൻ കഴിയും.” അമൃതയുടെ മരണശേഷം അദ്ദേഹം അവളുടെ ഓർമ്മയ്ക്കായി കവിത എഴുതാൻ തുടങ്ങി. അദ്ദേഹത്തിന്റെ കവിതാസമാഹാരമായിരുന്നു ജഷ്ൻ ജാരി ഹേ (ആഘോഷം തുടരുന്നു).

മരണസമയത്ത് ഇമ്രോസിനായി അമൃത എഴുതിയ പ്രശസ്തമായ കവിത, ഇമ്രോസിനോടുള്ള അവളുടെ സ്നേഹത്തിന്റെ ആഴത്തിലുള്ള തീവ്രതയെ സൂചിപ്പിക്കുന്നു: “ഞാൻ നിങ്ങളെ വീണ്ടും കാണും. എങ്ങനെ, എവിടെ എന്നെനിക്കറിയില്ല. ഒരുപക്ഷേ, ഞാൻ നിങ്ങളുടെ ഭാവനയുടെ ഒരു പ്രതിരൂപമായി മാറിയേക്കാം. എന്നെത്തന്നെ വ്യാപിപ്പിക്കുകയായിരിക്കാം ഒരു നിഗൂഢമായ വരിയിൽ നിങ്ങളുടെ ക്യാൻവാസിൽ ഞാൻ നിങ്ങളെ നോക്കിക്കൊണ്ടേയിരിക്കും.”

മാംസനിബദ്ധമല്ലനുരാഗം എന്ന് കവി പാടിയത് ജീവിച്ചുകാണിച്ചുതന്ന രണ്ടു വ്യക്തികളെ നാം മനസ്സിൽ വയ്‌ക്കേണ്ടതാണ്. പ്രണയം നിരസിച്ചതിന്റെപേരിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി കപടപ്രണയം നടിക്കുന്നവരുമെല്ലാമുണ്ട് ഇക്കാലത്ത്. പ്രണയത്തെയും സ്നേഹത്തെയും ഇരുനൂലിഴകളാൽ ചേർത്തുവച്ച് ബന്ധത്തിന് ഉറപ്പുകൂട്ടിയ അമൃതയെയും ഇമ്‌റോസിനെയും ഈ പ്രണയദിനത്തിൽ ഓർമ്മിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News