Wednesday, November 27, 2024

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് നിരോധനം നീട്ടി സംസ്ഥാന സര്‍ക്കാര്‍

രണ്ട് മെയ്തെയ് വിദ്യാർഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസം കൂടി നീട്ടി സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. ഇതോടെ ഒക്ടോബർ ആറു വരെ സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങൾ ലഭിക്കില്ല.

ജൂലൈയിൽ കാണാതായ വിദ്യാർഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേ തുടർന്ന് സെപ്റ്റംബർ 26 മുതല്‍ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റിനു നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനു പിന്നാലെ നിരോധനം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ആറിന് വൈകീട്ട് 7.45 വരെ സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം തുടരും.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റു ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു. എന്നാല്‍ നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News