പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. അതേസമയം, നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്‍ജി നല്‍കും.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതില്‍ പ്രതിഷേധങ്ങള്‍ക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിര്‍മ്മാതാക്കള്‍ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാവും പൗരത്വം നല്‍കുന്നത്.