നിരവധി പുരാവസ്തുക്കളെ നശിപ്പിച്ച 2019 ലെ വിനാശകരമായ തീപിടുത്തത്തിൽനിന്നും അത്ഭുതകരമായി രക്ഷപെട്ട പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം നവംബർ 15 വെള്ളിയാഴ്ച, നോട്രെ ഡാം കത്തീഡ്രലിലേക്ക് തിരികെയെത്തി. ഉണ്ണിയേശുവിനെ കരങ്ങളിലെടുത്തുനിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രൂപം വിശ്വാസം, പ്രതിരോധം, ശക്തി എന്നിവയെ പ്രതീകപ്പെടുത്തുന്നു. സെയ്ൻ നദിയിലൂടെ പ്രദക്ഷിണമായി എത്തിച്ചേർന്ന രൂപം സ്വീകരിക്കാൻ നൂറുകണക്കിനു വിശ്വാസികൾ ഒരുമിച്ചുകൂടി.
പാരീസിലെ ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ച് രൂപം ആശീർവദിച്ചു. ഡിസംബർ എട്ടിന് നോട്രെ ഡാം വീണ്ടും തുറക്കുന്നതിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്. കത്തീഡ്രലിലുണ്ടായിരുന്ന പ്രശസ്തമായ മണികൾ കഴിഞ്ഞയാഴ്‌ച തിരിച്ചെത്തിയിരുന്നു.
വികാരനിർഭരമായ ഘോഷയാത്രയും രൂപത്തിന്റെ തിരിച്ചുവരവും കത്തോലിക്കരുടെയും വിശ്വാസികളുടെയും ഹൃദയങ്ങളിൽ വിശ്വാസം ഊട്ടിയുറപ്പിക്കാൻ സഹായകരമായി.