ഇൻഫാമിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഡിസംബർ 31 ന് ‘കൈക്കോട്ടും ചിലങ്കയും’ എന്നപേരിൽ കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് കർഷകരുടെ കലാമാമാങ്കം അരങ്ങേറി. വളരെ മികവാർന്ന അവതരണങ്ങളായിരുന്നു മിക്കവയും. ഇൻഫാം പൊൻകുന്നം കാർഷിക താലൂക്ക് അവതരിപ്പിച്ച ‘നമുക്ക് സ്വർഗം പണിയാം’ എന്ന തെരുവുനാടകം മികവുറ്റ അവതരണം കൊണ്ട് ശ്രദ്ധേയമായി.
റോയി കാരയ്ക്കാട്ട് കപ്പൂച്ചിനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. കർഷകരുടെ ഇടയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം കലാകാരന്മാർ വേദിയിൽ അണിനിരന്നു. അലസതയുടെ നരകത്തിന് മനുഷ്യൻ സ്വയം വിട്ടുകൊടുത്താൽ നാശമായിരിക്കും ഫലമെന്നും അതിൽപെടാത്ത മനുഷ്യമാലാഖമാർക്കേ നാടിനെ രക്ഷിക്കാനാവൂ എന്നുമായിരുന്നു നാടകത്തിന്റെ സന്ദേശം.