വർഷം 1903, ജാതീയമായ വേർതിരിവുകൾ അരങ്ങുവാണിരുന്ന കേരളസമൂഹത്തോട് ആ മനുഷ്യൻ ഒരു ആഹ്വാനം നടത്തി – “അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലംകഴിഞ്ഞു” എന്നായിരുന്നു ആ ആഹ്വാനം. അക്കാലത്ത് അത്തരമൊരു അഭിപ്രായം പൊതുവേദിയിൽ പറയുക എന്നത് ചെറിയ കാര്യമായിരുന്നില്ല. അതിന് ആര്‍ജ്ജവം കാട്ടിയ ഒരുപിടി നവോത്ഥാന നായകരില്‍ പ്രധാനിയായ ചട്ടമ്പിസ്വാമികളുടെ ഓര്‍മ്മകളിലൂടെ ഒരു യാത്ര…
ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠത എന്ന് തിരിച്ചറിഞ്ഞ യഥാര്‍ഥ ജ്ഞാനി, അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരി എനീ വിശേഷണങ്ങളാണ് ചട്ടമ്പിസ്വാമികള്‍ക്ക് ഇണങ്ങുന്നത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സാർവത്രിക വിദ്യാഭ്യാസം എന്നിങ്ങനെ കേരളീയസമൂഹം ഒരുകാലത്ത് ചർച്ചചെയ്യാൻ തയാറാകാതെയിരുന്ന വിഷയങ്ങൾ പൊതുമണ്ഡലത്തിലെത്തിച്ച അദ്ദേഹത്തിന് ഈ വിശേഷണങ്ങള്‍ അനുയോജ്യമാണ്. കേരളത്തിന്റെ ആധ്യാത്മിക ആചാര്യന്മാരിൽ ശ്രദ്ധേയനായ ചട്ടമ്പിസ്വാമികളുടെ 170-ാം ജന്മവാർഷികം ആഗസറ്റ് 25-ന് മലയാളമണ്ണ് ആഘോഷിക്കുകയാണ്.
1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് കുഞ്ഞൻപിള്ള എന്ന ചട്ടമ്പിസ്വാമികളുടെ ജനനം. ചെറുപ്പകാലത്ത് പഠനത്തിലുള്ള സാമർഥ്യം കാരണം ‘വിദ്യാധിരാജൻ’ എന്നപേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പഠനത്തിലെ മിടുക്ക് ‘മോണിറ്റർ’ എന്ന് അർഥം വരുന്ന ‘ചട്ടമ്പി’ എന്ന പദവി ലഭിക്കുന്നതിനു കാരണമായി.
കുട്ടിക്കാലത്ത് ഗുരുവിന്റെ അയിത്താചാരങ്ങളോട് കടുത്ത എതിർപ്പായിരുന്നു സ്വാമികൾക്ക്. അതുകൊണ്ടുതന്നെ യാഥാസ്ഥിതിക ആചാരങ്ങളെ വെല്ലുവിളിച്ച് മറ്റു സമുദായക്കാരായ സുഹൃത്തുക്കളോട് അടുത്തിടപഴകുകയും അവരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ യാഥാസ്ഥിതിക സവർണ്ണസമൂഹത്തിന് സ്വാമികളോട് അപ്രിയം വർധിപ്പിക്കാൻ കാരണങ്ങളായി.
തന്റെ സമകാലികരായിരുന്ന ശ്രീനാരായണ ഗുരു, നീലകണ്ഠപാദർ, പരമഹംസ തീർഥപാദർ എന്നിവരുമായി സ്വാമികൾ മികച്ച ബന്ധം സൂക്ഷിച്ചിരുന്നു. 1892-ൽ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ ചട്ടമ്പിസ്വാമികളെ നേരിൽകാണുകയും ചിന്മുദ്രയെക്കുറിച്ച് ഉപദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്നുണ്ടായിരുന്ന ചരിത്രഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ സ്വാമി തുറന്നുകാട്ടി. ജാതിവ്യവസ്ഥയിൽ ചവിട്ടിത്താഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്ക് സ്വാമികൾ തന്റെ കൃതികളിലൂടെ വ്യക്തമാക്കി. പ്രവൃത്തിയും ഗുണവുമാണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതെന്നായിരുന്നു സ്വാമികളുടെ ബോധ്യം.
സ്വാമികള്‍ അവിവാഹിതനായിരുന്നതിനാൽ കൂടുതൽ സമയവും അദ്ദേഹം തീർഥയാത്രകളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ നീണ്ട യാത്രകൾക്കിടയിൽ പല പണ്ഡിതന്മാരുമായും ചര്‍ച്ചകളിലേര്‍പ്പെടുകയും അറിവുകള്‍ നേടുന്നതോടൊപ്പം അവരിൽനിന്നും പല വിദ്യകളും അഭ്യസിക്കുകയും ചെയ്തു. സന്യാസത്തിലും അദ്ദേഹത്തിന് വിശേഷിച്ച് ഒരു ഗുരുവില്ലായിരുന്നു. സന്യാസി എന്ന നിലയ്ക്ക് അദ്ദേഹം സ്വാമി ഷൺമുഖദാസൻ എന്ന പേര് സ്വീകരിച്ചു.
ലളിതജീവിതം അനുവർത്തിച്ചുപോന്ന അദ്ദേഹം ശുചിയായ ഭക്ഷണം എവിടെനിന്നു ലഭിച്ചാലും കഴിക്കുമായിരുന്നു. ബഹുഭാഷാപണ്ഡിതനായിരുന്ന ചട്ടമ്പിസ്വാമികൾക്ക് മലയാളത്തിനു പുറമെ സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലും തികഞ്ഞ അവഗാഹമുണ്ടായിരുന്നു. കാഷായവസ്‌ത്രവും രുദ്രാക്ഷവുമല്ല മറിച്ച്, സമഭാവനയും ലോകസ്നേഹവുമാണ് സന്യാസലക്ഷണങ്ങളെന്ന് ലോകത്തോട് അരുളിചെയ്ത ശ്രീ. വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ, കൊല്ലവർഷം 1099 മേടമാസം 23-ാം തീയതി പൽമന സി.പി. സ്മാരകശാലയിൽ വച്ച് സമാധിയായി.
ഇവിടെയാണ് അദ്ദേഹത്തിന്റെ സ്മാരകം നിലകൊള്ളുന്നത്. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈത ചിന്താപദ്ധതി തുടങ്ങി സ്വാമിയുടെ കൃതികൾ സാമൂഹ്യപരിഷ്കരണത്തിന്റെ മുഖമുദ്രയാണ്.