നാരീശക്തിയെ കുറിച്ച് വാചകമടിച്ചാല്‍ പോരാ അത് നടപ്പാക്കി കാണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഷോര്‍ട്ട് സര്‍വ്വീസ് അപ്പോയിന്‍മെന്റ് ഓഫീസറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥ പെര്‍മനന്റ് കമീഷന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. കരസേനയും നാവികസേനയും വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന് മാത്രം മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
നിങ്ങള്‍ എപ്പോഴും നാരീശക്തി, നാരീശക്തിയെന്ന് പറഞ്ഞ് നടക്കാറുണ്ട്. അത് നടപ്പാക്കി കാണിക്കാനുള്ള ഒരവസരമാണിതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജെബി പാര്‍ഡിവാല, ജസ്റ്റിസ് മനോജ് മിസ്ര എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ചയാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ബബിത പൂനിയ കേസിലാണ് വനിതകള്‍ക്കും പെര്‍മനെന്റ് കമ്മീഷന്‍ കോടതി അനുവദിച്ചത്. കോസ്റ്റ്ഗാര്‍ഡിന്റെ പുരുഷാധിപത്യപരമായ മനോഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയാണ് കോടതി നിരീക്ഷണം.
എന്ത് കൊണ്ടാണ് തീരക്കടല്‍ സംരക്ഷണത്തിന് സ്ത്രീകളെ നിങ്ങള്‍ക്ക് ആവശ്യമില്ലാത്തത്. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട് പിന്നെന്താണ് തീരം സംരക്ഷിക്കാന്‍ സാധിക്കില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ മറ്റ് സേനകളേപ്പോലെയല്ല കോസ്റ്റ്ഗാര്‍ഡ് പ്രവര്‍ത്തനമെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി കോടതിയെ അറിയിച്ചത്. നാവിക സേനയില്‍ അടക്കം സ്ത്രീകളെ സ്ഥിരം കമ്മീഷനായി നിയോഗിക്കുമ്പോള്‍ കോസ്റ്റ് ഗാര്‍ഡിന് എന്താണ് ഒഴിവാക്കലെന്നും കോടതി ചോദിച്ചു.
പ്രിയങ്ക ത്യാഗി എന്ന ഉദ്യോഗസ്ഥയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മികച്ച പ്രവര്‍ത്തന പശ്ചാത്തലത്തില്‍ 14 വര്‍ഷം സേവനം ചെയ്ത ശേഷവും പെര്‍മനന്റ് കമ്മീഷന്‍ നിഷേധിച്ചതോടെയാണ് പ്രിയങ്ക ത്യാഗി കോടതിയെ സമീപിച്ചത്. കടലില്‍ നിന്ന് 300ല്‍ അധികം ജീവനുകളെ രക്ഷിക്കുകയും 4500 മണിക്കൂര്‍ ഡോണിയര്‍ വിമാനം പറത്തുകയും അടക്കം മികച്ച പ്രവര്‍ത്തനമാണ് ഈ ഉദ്യോഗസ്ഥ സേവനകാലത്ത് കാഴ്ച വച്ചത്.