മികച്ച വന്യജീവി ഫോട്ടോഗ്രാഫർക്കുള്ള 2024-ലെ പുരസ്‌കാരത്തിന് കനേഡിയൻ ഫോട്ടോ ജേർണലിസ്റ്റ് ഷെയ്ൻ ഗ്രോസ് അർഹനായി. 59,228 എൻട്രികളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ‘ദി സ്വാം ഓഫ് ലൈഫ്’ എന്ന ചിത്രമാണ് ഒന്നാമതെത്തിയതെന്ന് സംഘാടകർ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഷെയ്‌നിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത് വെള്ളത്തിനടിയിലെ ടാഡ്‌പോളുകളുടെ (വാൽമാക്രികളുടെ) ഒരു മാന്ത്രികചിത്രമായിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ ദ്വീപിലെ സീഡാർ തടാകത്തിലെ ലില്ലിപാഡുകളുടെ പരവതാനികളിലൂടെ മണിക്കൂറുകളോളം മുങ്ങിക്കിടന്നാണ് ഷെയ്ൻ ഈ ചിത്രം പകർത്തിയത്. തടാകത്തിന്റെ അടിത്തട്ടിൽ പൊതിഞ്ഞ ചെളിയുടെയും പായലിന്റെയും നേർത്ത പാളികൾപോലും ഇളകാതെയായിരുന്നു ഷെയ്‌നിന്റെ ഫോട്ടോഗ്രാഫി.
“ആവാസവ്യവസ്ഥയുടെ നാശവും വേട്ടക്കാരും കാരണം വംശനാശഭീഷണി നേരിടുന്ന ഒരു ഇനം ടാഡ്‌പോളുകൾ, വിരിഞ്ഞ് നാലിനും പന്ത്രണ്ട് ആഴ്ചയ്ക്കും ഇടയിലുമുള്ള ചിത്രമാണിത്. എന്നാൽ, അവയിൽ 99% പ്രായപൂർത്തിയാകുന്നതുവരെ നിലനിൽക്കില്ല” – നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഫോട്ടോഗ്രാഫി മുൻ ഡെപ്യൂട്ടി ഡയറക്ടർ, ജൂറി ചെയർ കാത്തി മോറൻ പറഞ്ഞു.
“ഈ നിമിഷം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർ മികച്ച വൈദഗ്ദ്ധ്യത്തിലേക്കു മാത്രമല്ല, വിശദാംശങ്ങളിലേക്കും ക്ഷമയിലേക്കും സ്ഥിരോത്സാഹത്തിലേക്കും അവിശ്വസനീയമായ ശ്രദ്ധ നൽകുന്നു” – മോറൻ പ്രസ്താവനയിൽ പറഞ്ഞു.
“ഈ വർഷത്തെ പോർട്ട്‌ഫോളിയോയിൽ പ്രചോദനാത്മക ചിത്രങ്ങൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇവ കൂടുതൽ വന്യജീവി സംരക്ഷണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ആഗോളതലത്തിൽ നമ്മുടെ ഗ്രഹത്തിനുവേണ്ടി യഥാർഥവക്താക്കളെ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ഫോട്ടോകളാണ്” – ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം ഡയറക്ടർ ഡഗ് ഗുർ പറഞ്ഞു.
അവാർഡ് ലഭിച്ച 100 ചിത്രങ്ങളുടെ പ്രദർശനം വെള്ളിയാഴ്ച മുതൽ മ്യൂസിയത്തിൽ നടത്തപ്പെടും. മത്സരത്തിലേക്ക് ഇന്ത്യയിലെ തമിഴ്‌നാട്ടിൽനിന്നും ചിത്രം ഉണ്ടായിരുന്നു. റോബിൻ ഡാരിയസ് കോൺസ് എന്ന ഫോട്ടോഗ്രാഫർ തമിഴ്നാട്ടിലെ നീലഗിരിയിലെ കുന്നിന്മുകളിലുള്ള ഒരു കടുവയുടെ ഫോട്ടോ ആയിരുന്നു മത്സരത്തിനയച്ചത്.