പാക്കിസ്ഥാനിലെ സ്വീഡിഷ് എംബസി അനശ്ചിതകാലത്തേക്ക് അടക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. എംബസിയുടെ വെബ്സൈറ്റില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് സ്വീഡന്‍ ഇക്കാര്യം അറിയിച്ചത്.
ഇസ്ലാമാബാദിലെ നിലവിലെ സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി സ്വീഡൻ എംബസി സന്ദർശകർക്കായി അടച്ചിടുകയാണെന്ന് സ്വീഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഏതു തരത്തിലുള്ള സുരക്ഷ ഭീഷണിയാണ് നേരിടുന്നതെന്നു വ്യക്തമല്ല. എംബസി വീണ്ടും തുറക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധ്യമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എംബസി അടക്കുന്നത് സ്വീഡിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന പാക്കിസ്ഥാൻ വിദ്യാർത്ഥികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. പുതിയ അക്കാദമിക് സെഷൻ ഓഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്നതാണ് ഇതിനു കാരണം. 4 മുതല്‍ 6 മാസം വരെ എടുക്കുന്ന വിസ പ്രോസസ്സിംഗ് രീതി എംബസി അനിശ്ചിതകാലത്തേക്ക് അടക്കുന്നതിനാല്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, സ്വീഡിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഉടൻ വിസയ്ക്ക് അപേക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വീഡനിലെ പാക്കിസ്ഥാൻ എംബസി അറിയിച്ചു.