ലോകമെമ്പാടുമായി പീഡനം നേരിടുന്ന ക്രൈസ്തവരുടെ എണ്ണം 2024 ൽ വളരെ കൂടുതലായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനയായ ഓപ്പൺ ഡോർസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 30 വർഷത്തിലേറെയായി ക്രിസ്ത്യാനികൾ അതികഠിനമായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളെക്കുറിച്ചുള്ള ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് ശ്രദ്ധേയമാണ്. 2025 ലെ കണക്കനുസരിച്ച് ഏകദേശം 380 ദശലക്ഷം ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെപേരിൽ വിവേചനവും പീഡനവും നേരിടുന്നു. കൂടാതെ 2,10,000 പേർ കുടിയിറക്കപ്പെട്ടു. നാലായിരത്തോളം പേർ ലൈംഗികമായി ആക്രമിക്കപ്പെടുകയും ഇതര മതവിഭാഗത്തിലെ വ്യക്തികളുമായി വിവാഹത്തിന് നിർബന്ധിതരാവുകയും ചെയ്തു. 55,000 പേർ മർദിക്കപ്പെടുകയും 4,476 പേർ കൊല്ലപ്പെടുകയും ചെയ്തു. ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന പത്തു രാജ്യങ്ങൾ ഇവയാണ്:
അഫ്ഗാനിസ്ഥാൻ
ക്രിസ്തീയവിശ്വാസത്തോട് ഏറ്റവും വിരോധമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. ഈ രാജ്യത്ത് പരസ്യമായി ഒരു ക്രൈസ്തവ വിശ്വാസിയായി ജീവിക്കാൻ അസാധ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ മതപരിവർത്തനത്തിന്റെപേരിൽ വധശിക്ഷപോലും നടപ്പാക്കുന്ന നിയമങ്ങൾ നിലവിലുണ്ട്. കഠിനമായ ശിക്ഷകളും സ്ത്രീകൾക്കും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുംമേലുള്ള നിയന്ത്രണങ്ങളും മൂലം അഫ്ഗാനിസ്ഥാനിൽ ക്രിസ്ത്യാനിയായി ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാൻ
ഇറാനിൽ അംഗീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെടാത്തതുമായ രണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുണ്ട്. അർമേനിയൻ – അസ്സീറിയൻ ക്രിസ്ത്യാനികളുടെ സമൂഹങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. ഇവരെ എപ്പോഴും രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നതെന്ന് ഓപ്പൺ ഡോർസ് അഭിപ്രായപ്പെടുന്നു. ഇറാനിൽ മതപരിവർത്തനം നിയമവിരുദ്ധമായതിനാൽ അംഗീകരിക്കപ്പെടാത്ത ക്രിസ്ത്യാനികൾ മതം മാറിയവരാണെന്ന് കരുതുന്നതിനാൽ ഭരണകൂടത്തിന്റെ ഭീഷണി നിരന്തരം ഇവർ അനുഭവിക്കേണ്ടിവരുന്നു.
പാക്കിസ്ഥാൻ
പാക്കിസ്ഥാൻ ജനസംഖ്യയുടെ 1.8% മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളതെങ്കിലും കർശനമായ മതനിന്ദാ നിയമങ്ങളിൽ കുറ്റം ചുമത്തപ്പെടുന്നവരാണ് ഇവിടെയുള്ള 25% ക്രിസ്ത്യാനികളും. മതനിന്ദാ നിയമങ്ങൾക്കുള്ള പ്രാഥമികശിക്ഷ മരണമാണ്.
നൈജീരിയ
ജിഹാദിസ്റ്റ് തീവ്രവാദികളുടെ സംഘങ്ങൾ ക്രിസ്ത്യൻ സമൂഹങ്ങളിലും പട്ടണങ്ങളിലും അക്രമം നടത്തുന്നതിനാൽ വിശ്വാസികൾക്ക് ഏറ്റവും അപകടകരമായ ഏഴാമത്തെ രാജ്യമായി നൈജീരിയ കണക്കാക്കപ്പെടുന്നു. ഫുലാനി തീവ്രവാദികൾ, ബോക്കോ ഹറാം ISWAP (ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവശ്യ) എന്നിങ്ങനെയുള്ള വിവിധ ഗ്രൂപ്പുകളിൽനിന്നുള്ള ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ ശക്തമല്ല. ഇവിടെ ആക്രമണങ്ങളിൽ പുരുഷന്മാർ കൊല്ലപ്പെടുകയും ക്രിസ്ത്യൻ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നു.
എറിത്രിയ
‘ആഫ്രിക്കയുടെ ഉത്തര കൊറിയ’ എന്നു വിശേഷിപ്പിച്ചിരുന്ന എറിത്രിയ ആശയവിനിമയങ്ങളും ഫോൺ കോളുകളും ഇന്റർനെറ്റ് ഉപയോഗവും അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്ന ഒരു സംവിധാനമാണ് നിലനിർത്തുന്നത്. ക്രിസ്ത്യൻ സഭകളെ ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്. ക്രിസ്ത്യൻ യുവാക്കളെ സായുധസേനയിലേക്ക് നിർബന്ധിതമായി അംഗങ്ങളാക്കുന്നു.
സുഡാൻ
യുദ്ധംമൂലം ലോകത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പട്ടിണിയും കുടിയിറക്കൽ പ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് സുഡാൻ. യുദ്ധത്തെ തുടർന്ന് ക്രിസ്ത്യാനികളോട് ഒരു പക്ഷവും അനുഭാവം കാണിക്കാത്തതിനാൽ, പീഡനം വ്യാപകമാകാൻ കാരണമായി. സുഡാനിൽ ക്രൈസ്തവർ തട്ടിക്കൊണ്ടുപോകലിന്റെയും വധശിക്ഷയുടെയും ഭയത്തിലാണ് ജീവിക്കുന്നത്. ക്രൈസ്തവ വിദ്വേഷത്തെ തുടർന്ന് രാജ്യത്ത് നൂറിലധികം പള്ളികൾ ആക്രമിക്കപ്പെട്ടു.
ലിബിയ
ക്രിസ്തുമതം സ്വീകരിച്ചവരോട് ശത്രുത പുലർത്തുന്ന മറ്റൊരു രാജ്യമാണ് ലിബിയ. കൂടാതെ, ഇവിടെയുള്ള ഇസ്ലാമിക തീവ്രവാദിസംഘം ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു. തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്ന ക്രിസ്ത്യാനികൾ അങ്ങേയറ്റം അപകടസാധ്യതകളിലാണ് ജീവിക്കുന്നത്. പലപ്പോഴും ഇസ്ലാമിക തീവ്രവാദികളാൽ ഇവർ ക്രൂരമായി കൊല ചെയ്യപ്പെടുന്നു.
യെമൻ
ഇവിടെ ക്രിസ്ത്യാനികൾ തീവ്രവാദികളാൽ പീഡിപ്പിക്കപ്പെടുന്നു. ക്രിസ്ത്യാനികളുടെ മതഗ്രന്ഥമായ ബൈബിൾ കൈവശം വയ്ക്കുന്നതുപോലും ചില പ്രദേശങ്ങളിൽ അപകടമാണ്. ക്രിസ്ത്യാനികളെന്നു കണ്ടെത്തുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുകയും തടങ്കലിൽ വയ്ക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഇവിടെ നിലനിൽക്കുന്നത്.
സൊമാലിയ
ശരീ-അത്ത് (ഇസ്ലാമിക നിയമം) പിന്തുടരുന്ന സൊമാലിയയിൽ, ക്രിസ്ത്യാനികളെന്ന് കണ്ടെത്തിയാൽ അവർ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുന്നു. തീവ്രവാദികൾ ക്രിസ്ത്യാനികളെ പതിവായി ലക്ഷ്യമിടുന്ന ഒരു രാജ്യമാണിത്. ക്രിസ്ത്യാനികൾ സമൂഹത്തിൽനിന്നും സാമൂഹിക സമ്മർദം നേരിടുന്നു. ക്രിസ്തുമതം സ്വീകരിച്ചതായി സംശയിക്കുന്നത് പോലും ഒരാളെ അപകടത്തിലാക്കാം. സൊമാലിയയിൽ ക്രിസ്ത്യാനികളെ കണ്ടെത്തിയാൽ വീട്ടുതടങ്കൽ, നിർബന്ധിത വിവാഹം, നിർബന്ധിത ഇസ്ലാമിക ആചാരങ്ങൾ, മരണം എന്നിവ നേരിടേണ്ടിവരും.
ഉത്തര കൊറിയ
ഏകദേശം 30 വർഷമായി ക്രിസ്ത്യാനികൾ ഏറ്റവും കഠിനമായി പീഡനം നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ. ഒരു ക്രിസ്ത്യാനിയെ കണ്ടെത്തിയാൽ ആ വ്യക്തിയെ മാത്രമല്ല അവരുടെ കുടുംബത്തെ പൂർണ്ണമായി നശിപ്പിക്കുന്ന രീതിയാണ് അവിടെ നിലവിലുള്ളത്. ഉത്തര കൊറിയയിൽ ഔദ്യോഗികമായ ഒരു ക്രിസ്ത്യൻ പള്ളിപോലുമില്ല. ഉത്തര കൊറിയയിലുള്ള 4,00,00 ഓളം വരുന്ന ക്രിസ്ത്യാനികൾ രഹസ്യമായി ഭൂഗർഭാലയങ്ങളിൽ ആരാധന നടത്തുന്നവരാണ്.