കാശ്മീര്‍ താഴ്‌വരയുടെ ഭൂപ്രകൃതിയുടെ പ്രതീകവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ചിനാര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. എന്നാല്‍ സംഭവം പൊതുജനരോഷത്തിന് ഇടയായതോടെ ഇത് സാധാരണ വെട്ടിമാറ്റല്‍ മാത്രമാണെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇതോടെ ചിനാര്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
ജന്മദേശം മധ്യ ഏഷ്യയില്‍ ആണെങ്കിലും നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മുഗള്‍ ചക്രവര്‍ത്തിമാരും നാട്ടുരാജാക്കന്മാരും ഇവ കാശ്മീരിലേക്കു കൊണ്ടുവന്നതോടെ കാശ്മീരി സംസ്‌ക്കാരത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു ചിനാര്‍ മരങ്ങള്‍. പിന്നീട് നഗരവത്കരണത്തിന്റെ ഭാഗമായി നിയമവിരുദ്ധമായ മരംമുറിക്കലും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചപ്പോള്‍ സംരക്ഷണ നടപടികള്‍ ആരംഭിക്കുകയായിരുന്നു.
ചിനാര്‍ മരങ്ങളുടെ സംരക്ഷണത്തിനായി ഡിജിറ്റല്‍ സംരക്ഷണരീതി ആവിഷ്കരിച്ചു. ഓരോ മരത്തെയും ജിയോടാഗ് ചെയ്ത് നിരീക്ഷിച്ചും ഓരോ മരങ്ങളിലും ക്യൂആര്‍ കോഡ് അറ്റാച്ച് ചെയ്തുമായിരുന്നു ഈ പദ്ധതി.
മരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞനായ സയ്യിദ് താരിഖ് പറയുന്നത്, ഇതുവരെ 29,000 ചിനാര്‍ മരങ്ങളാണ് ജിയോടാഗ് ചെയ്തിട്ടുള്ളത് എന്നാണ്. ഇനിയും 6000 മുതല്‍ 7000 മരങ്ങള്‍ ബാക്കിയുണ്ട്. പൈതൃകമൂല്യം ഉണ്ടായിട്ടും ഈ മരങ്ങളുടെ ശരിയായ കണക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഗവണ്‍മെന്റ് രേഖകള്‍ പ്രകാരം 40,000 മരങ്ങളാണ് ഉള്ളത്. എന്നാലും അവയില്‍ പലതും ഇന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു മരം പ്രായപൂര്‍ത്തിയാകാന്‍ കുറഞ്ഞത് 50 വര്‍ഷം എടുക്കും. മരത്തിന് അതിജീവിക്കാന്‍ തണുത്ത കാലാവസ്ഥ ആവശ്യമാണ്. എന്നാല്‍ പ്രദേശത്തെ ചൂട് കാലാവസ്ഥ ഇതിന് വെല്ലുവിളി ആകുന്നു. വെളിച്ചമുള്ള പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന മരത്തിന് 700 വര്‍ഷം വരെ പഴക്കമുണ്ടെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
ചിനാര്‍ മരങ്ങള്‍ക്ക് പരമാവധി സംരക്ഷണം ലഭിച്ചത് 1500 ന്റെ തുടക്കത്തിലും 1800 ന്റെ മധ്യത്തിലുമാണ്. ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ രാജാക്കന്മാർ കാശ്മീരിന്റെ ഭംഗി കാരണം ഇതിനെ ഒരു വേനല്‍ക്കാല അവധിക്കാല പ്രദേശമായി കണ്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സംരക്ഷിച്ചുപോന്നിരുന്നത്. ആ കാലങ്ങളില്‍ നട്ട പല മരങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നാണ് വിശ്വാസം.
മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തിനു സമീപം 1,100 മരങ്ങള്‍ നട്ടുവളര്‍ത്തി. എന്നാല്‍ കാലക്രമേണ മരത്തിനു സംഭവിച്ച പ്രശ്‌നങ്ങള്‍ കൊണ്ടും റോഡിനു വീതി കൂട്ടിയതിനാലും മരങ്ങള്‍ വെട്ടിക്കളഞ്ഞെന്നും പറയപ്പെടുന്നു.
1969 ലെ ജമ്മു ആന്റ് കാശ്മീര്‍ പ്രിസെര്‍വേഷന്‍ ഓഫ് സ്‌പെസഫിക്ക് ട്രീസ് ആക്ട് പ്രകാരമാണ് മരങ്ങള്‍ സംരക്ഷിച്ചുപോരുന്നത്. എന്നാല്‍ ഒരുവശത്ത് ജിയോടാഗ് പോലെ ഡിജിറ്റല്‍ സംരക്ഷണം മരത്തിനു നല്‍കുമ്പോള്‍പോലും മറുവശത്ത് സര്‍ക്കാര്‍തന്നെ മരം വെട്ടിമുറിക്കുന്നുണ്ടെന്ന് പരിസ്ഥിതി ആക്ടിവിസ്റ്റായ രാജ് മുസാഫിര്‍ ബട്ട് ആരോപിക്കുന്നു. കൊത്തുപണികള്‍ക്കും ഫര്‍ണീച്ചര്‍ കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്നതിനും പറ്റുന്ന മരമായതിനാല്‍തന്നെ അധികാരികള്‍ക്കൊപ്പം മറ്റുചിലരും അനധികൃതമായി ഇത് വെട്ടിമാറ്റുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ ഇത് മനസ്സിലാക്കുന്ന ചിലരെങ്കിലും ഈ വെട്ടിമാറ്റാലിനെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വെട്ടിമാറ്റപ്പെട്ട ചിനാര്‍ മരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിപക്ഷ നേതാക്കളും ഇതേക്കുറിച്ച് സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ചിനാര്‍ മരങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ കാശ്മീര്‍ ഒരു വീടായിപ്പോലും തോന്നില്ലെന്ന് അദ്ദേഹം പ്രതികരിക്കുന്നു.