ഉപരോധത്തെ തുടര്‍ന്ന് അടച്ച യുഎഇ, ഖത്തര്‍ എംബസികളുടെ പ്രവര്‍ത്തനം പരസ്പരം പുനഃരാരംഭിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. 2023 ജൂണ്‍ മധ്യത്തില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നാണ് വിവരം.
ഗൾഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി 2021ൽ ഒപ്പുവെച്ച അൽ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് എംബസികൾ വീണ്ടും തുറക്കുന്നത്.
ഖത്തറിനെതിരെ 2017 ലാണ് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളിലേയും എംബസികള്‍ അടച്ചത്. അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന സന്ദേശമുയര്‍ത്തി 2021-ല്‍ അൽ ഉല കരാര്‍ ഒപ്പുവച്ചതോടെ ഉപരോധം പിന്‍വലിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എംബസികള്‍ തുറക്കാന്‍ ധാരണയായത്.
അതേസമയം, ജൂൺ പകുതിയോടെ പുതിയ അംബാസഡർമാരെ ഉൾപ്പെടുത്തി എംബസികൾ വീണ്ടും തുറക്കും, ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി യുഎഇ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നയതന്ത്ര ബന്ധം പൂർണമായും പുനഃസ്ഥാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, സൗദിയും ഈജിപ്തും ദോഹയിൽ എംബസികള്‍ തുറന്നിരുന്നു. ഖത്തർ-ബഹ്റൈൻ ബന്ധവും ഈയിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.