Monday, November 25, 2024

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന റഷ്യയുടെ പ്രമേയം യുഎൻ രക്ഷാസമിതി തള്ളി

ഗാസയില്‍ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ പാസായില്ല. യു.എൻ രക്ഷാസമിതിയിൽ റഷ്യ കൊണ്ടുവന്ന പ്രമേയമാണ് പാസാക്കാന്‍ കഴിയാതെ പരാജയപ്പെട്ടത്. അതേസമയം, യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരവേയാണ് യു.എൻ രക്ഷാസമിതിയിൽ തിങ്കളാഴ്ച റഷ്യ പ്രമേയം അവതരിപ്പിച്ചത്. റഷ്യൻ പ്രമേയത്തിൽ തീവ്രവാദ പ്രവർത്തനങ്ങളെ അപലപിക്കുക, ബന്ദികളെ മോചിപ്പിക്കുക, മാനുഷിക സഹായം ലഭ്യമാക്കുക, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക, സിവിലിയൻമാർക്കെതിരായ അക്രമങ്ങൾ തടയുക എന്നിവയാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ആക്രമം ആരംഭിച്ച ഹമാസിന്‍റെ പേരു പറയാതെയുള്ള പ്രമേയത്തിന് 9 വോട്ട് ലഭിക്കാതെ വന്നതോടെയാണ് പരാജയപ്പെട്ടത്.

റഷ്യയുടെ പ്രമേയത്തിന് അനുകൂലമായി അഞ്ച് വോട്ടും എതിർത്ത് നാലു വോട്ടും ആറു വോട്ടുകൾ വിട്ടുനില്‍ക്കുകയും ചെയ്തു. യു.എസ്, യു.കെ, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് പ്രമേയം നിരസിച്ചത്. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. ബ്രസീൽ തയ്യാറാക്കിയ മറ്റൊരു പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പു നടക്കും.

അതേസമയം, ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. “അമേരിക്കൻ പ്രസിഡന്റ് ബുധനാഴ്‌ച ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേലിനും ഗാസയ്ക്കും ലോകത്തിനും വേണ്ടിയുള്ള നിർണ്ണായക നിമിഷത്തിലാണ് അദ്ദേഹം ഇവിടെ വരുന്നത്. ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും.”- യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രഖ്യാപിച്ചു. ഹമാസിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്ന് ബൈഡൻ വ്യക്തമാക്കുമെന്നും ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

Latest News