കലാപബാധിത മണിപ്പൂരിലെ വിമതഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യു.എന്‍.എല്‍.എഫ്) കേന്ദ്രസര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം പങ്കുവച്ചത്. യു.എന്‍.എല്‍.എഫ് പ്രവർത്തകർ ആയുധങ്ങള്‍ വച്ച് കീഴടങ്ങുന്നതിന്റെ വീഡിയോയും അദ്ദേഹം എക്സില്‍ പങ്കുവച്ചു.
“മണിപ്പൂരിലെ ഏറ്റവും പഴയ സായുധഗ്രൂപ്പായ യു.എന്‍.എല്‍.എഫ് അക്രമം ഉപേക്ഷിച്ച് സമാധാന കരാറില്‍ ഒപ്പുവച്ചു. ജനാധിപത്യപ്രക്രിയകളിലേക്ക് ഞാന്‍ അവരെ സ്വാഗതംചെയ്യുന്നു” – സമാധാന ഉടമ്പടി പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ എക്സില്‍ കുറിച്ചു. സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്കുള്ള അവരുടെ യാത്രയില്‍ എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 3 -ന് സംസ്ഥാനത്ത് ആരംഭിച്ച വംശീയകലാപത്തിനുശേഷം ഇതാദ്യമായാണ് താഴ്‌വരയിലെ ഒരു നിരോധിതസംഘടന സര്‍ക്കാരുമായി സമാധാനചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്.
ഇതിനിടെ മണിപ്പൂരിലെ മെയ്‌തേയ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ മതിയായ കാരണമുണ്ടോയെന്നും, നിയന്ത്രണങ്ങള്‍ തുടരണമോ എന്നും തീരുമാനിക്കാന്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഗുവാഹത്തി ഹൈക്കോടതിയില്‍നിന്നുള്ള ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഉള്‍പ്പെടുന്ന ട്രൈബ്യൂണലാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുക.