Friday, February 21, 2025

നിശ്ശബ്ദരാക്കപ്പെടാത്ത അഫ്ഗാൻ വനിതാ ക്രിക്കറ്റ് ടീം

2021 ൽ, അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന് അവരുടെ രാജ്യം വിടാനുള്ള വഴികളൊരുക്കുകയും ധനസഹായം നൽകുകയും ചെയ്ത മൂന്ന് വനിതകളിൽ ഒരാളാണ് മേൽ ജോൺസ് എന്ന മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം. ഹോളിവുഡ് ത്രില്ലർ സിനിമയെക്കാൾ വലിയ സന്ദർഭങ്ങളാണ് ജീവിതത്തിൽ നടന്നതെന്ന് അവർ ഓർമ്മിക്കുകയാണ്. താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം അത് ഏറ്റവും കൂടുതൽ ബാധിക്കുക അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളെയാണെന്നും അവർക്കറിയാം.

അഫ്ഗാനിസ്ഥാനിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള ഭയാനകമായ യാത്ര നടത്തിയ 19 കളിക്കാരിൽ ഫിറൂസ അമീരി എന്ന യുവതിയും ഉൾപ്പെടുന്നു. സ്വന്തം നാട്ടിൽനിന്ന് പുറത്തേക്കുള്ള യാത്രയിൽ എട്ട് ചെക്ക്പോയിന്റുകളിൽ തന്റെ കുടുംബത്തെ കാറിൽ തടഞ്ഞുനിർത്തുമ്പോഴെല്ലാം അവൾ ഭയന്നുവിറച്ചു. ‘കുടുംബവിവാഹത്തിൽ’ പങ്കെടുക്കാനും ‘അമ്മയെ പാക്കിസ്ഥാനിൽ വൈദ്യസഹായത്തിനായി കൊണ്ടുപോകാനും,’ ഇങ്ങനെ പറഞ്ഞ ന്യായീകരണങ്ങൾ എങ്ങനെയാണ് അവർ വിശ്വസിച്ചതെന്ന് അമീരിക്ക് ഇന്നും അദ്ഭുതമാണ്. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമായിരുന്നു അത്” – അമീരി പറഞ്ഞു.

മൂന്നര വർഷങ്ങൾക്കുശേഷം, അമീരിയും സംഘവും മെൽബണിലെ ജംഗ്ഷൻ ഓവലിൽ അഫ്ഗാനിസ്ഥാൻ വനിതാ ഇലവനുവേണ്ടി മൈതാനത്തേക്കിറങ്ങി. അവരുടെ ആദ്യ മത്സരം. ജീവിതത്തിലെ സംഭവബഹുലമായ, ശ്രദ്ധേയമായ മറ്റൊരധ്യായം.

വൈകാരികമായി ഇതെല്ലാം നോക്കിനിന്നവരിൽ ജോൺസും ഉൾപ്പെടുന്നു. കളിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര മാനുഷിക വിസകൾ, പണം, സുരക്ഷിതമായ യാത്ര എന്നിവ സംഘടിപ്പിക്കുന്നതിനായി അവർ പ്രയത്നിച്ചു. അപകടകരമായ സാഹചര്യങ്ങൾ താണ്ടി മറ്റൊരിടത്ത് എത്തിച്ചേർന്ന അവർക്ക് ഇപ്പോൾ സന്തോഷമാണ്. കാരണം, തങ്ങൾ ഇഷ്ടപ്പെടുന്ന കായികയിനത്തിൽ ഒടുവിൽ മത്സരിക്കാൻ സാധിച്ചു എന്നതാണ്. എന്നാൽ, അവരുടെ കിറ്റിൽ പ്രത്യേകമായി രൂപകൽപന ചെയ്ത ഒരു ബാഡ്ജ് ഉണ്ട്. പക്ഷേ, ഇത് ഔദ്യോഗിക ചിഹ്നമല്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ സി സി) അവരെ ഒരു ദേശീയ ടീമായി അംഗീകരിക്കുന്നില്ലെങ്കിലും കളിക്കാനുള്ള അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നതിന്റെ ഒരു വലിയ ഓർമ്മപ്പെടുത്തലായിരുന്നു ആദ്യ മാച്ച്.

ഞങ്ങൾക്ക് ജീവിക്കണോ അതോ മരിക്കണോ എന്നറിയില്ലായിരുന്നു

2021 ഓഗസ്റ്റിൽ മുത്തശ്ശിയോടൊപ്പം വീട്ടിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് താലിബാൻ തിരിച്ചെത്തിയ വിവരം അമീരി അറിഞ്ഞത്. “ആ നിമിഷം ഞാൻ ഞെട്ടിപ്പോയി. എല്ലാം നഷ്ടപ്പെടുമെന്ന് എനിക്കു തോന്നി” – കണ്ണീരോടെ അവർ പറഞ്ഞു. ടീമിന് ഉടൻതന്നെ രാജ്യം വിടേണ്ടിവരുമെന്ന് അവൾ മനസ്സിലാക്കി.

“അഫ്ഗാനിസ്ഥാനിൽ താലിബാൻ ആദ്യമായി എത്തിയ സമയത്തിലൂടെയാണ് എന്റെ മാതാപിതാക്കൾ കടന്നുപോയത്. താലിബാന്റെ ഭരണത്തിൻകീഴിൽ പെൺകുട്ടികൾക്ക് എന്ത് സംഭവിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. ഞാൻ അതിജീവിക്കുമോ എന്ന് എനിക്കറിയില്ലായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും അഫ്ഗാനിസ്ഥാനിൽനിന്ന് പുറത്തുകടക്കാൻ ഒരവസരം ലഭിക്കുമോ എന്നും ഞങ്ങൾ ജീവിക്കുമോ അതോ കൊല്ലപ്പെടുമോ എന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു”

“എന്റെ സർട്ടിഫിക്കറ്റുകളും മെഡലുകളുമെല്ലാം ഞാൻ കത്തിച്ചു; ഒന്നും ബാക്കിയില്ല” – അമീരി പറയുന്നു.

താലിബാൻ നിയമപ്രകാരം, സ്ത്രീകൾക്ക് സർവകലാശാലകൾ, കായികവിനോദങ്ങൾ, പാർക്കുകൾ എന്നിവയിൽ വിലക്കുണ്ട്. വീടുകൾക്കുപുറത്ത് അവരുടെ ശബ്ദം കേൾക്കുന്നതും വിലക്കിയിട്ടുണ്ട്.

അമീരിയുടെ സഹതാരം നഹിദ സപാൻ, താലിബാൻ തന്നെ അന്വേഷിച്ച് വീട്ടിലെത്തിയത് എങ്ങനെയെന്ന് ഓർത്തു.

“എന്റെ സഹോദരൻ പുറത്തേക്കുപോയപ്പോൾ ഒരു താലിബ് അവനോടു ചോദിച്ചു, ‘നിങ്ങൾക്ക് ഒരു ക്രിക്കറ്റ് പെൺകുട്ടിയെക്കുറിച്ച് അറിയാമോ? അവൾ ഇവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങൾ കരുതുന്നു.’ എന്റെ സഹോദരൻ വളരെ ഭയന്നിരുന്നു. എന്റെ എല്ലാ ടീമംഗങ്ങൾക്കുംവേണ്ടിയുള്ള ഒരു സ്കോർബുക്ക് എന്റെ കൈവശം ഉണ്ടായിരുന്നു. അതിനാൽ ഞാൻ വീട്ടിലേക്കുപോയി, എല്ലാ പേപ്പറുകളും കീറിക്കളഞ്ഞ് ചവറ്റുകുട്ടയിലിട്ടു.”

തുടർന്ന് തന്റെ കുടുംബത്തിന് താലിബാനിൽനിന്ന് കോളുകളും സന്ദേശങ്ങളും ലഭിക്കാൻ തുടങ്ങിയെന്നും അവൾ പറയുന്നു. നേരിട്ടുള്ള ഭീഷണികളായിരുന്നു. “ഞങ്ങൾ നിങ്ങളെ കണ്ടെത്തും; കണ്ടെത്തിയാൽ നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ല. നിങ്ങളിലൊരാളെ കണ്ടെത്തിയാൽ നിങ്ങളെയെല്ലാം ഞങ്ങൾ കണ്ടെത്തും.”

“ടീമിലെ എല്ലാ പെൺകുട്ടികളെയുംകുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും സുരക്ഷിതമായ ഒരു സ്ഥലം ആവശ്യമായിരുന്നു.” ലോകത്തിന്റെ മറുവശത്തുള്ള സാധ്യതയില്ലാത്ത ഒരു ഉറവിൽനിന്നാണ് ആ സുരക്ഷിതസ്ഥലം വരേണ്ടിയിരുന്നത്.

ജേസൺ ബോൺ സിനിമപോലെ ഒരു രക്ഷപെടൽ

കോവിഡ് 19 പകർച്ചവ്യാധി സമയത്ത് ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള മേൽ ജോൺസ് ഒരു ഓസ്‌ട്രേലിയൻ ഹോട്ടലിൽ ക്വാറന്റൈനിൽ ഇരിക്കുമ്പോൾ, അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു ഇന്ത്യൻ പത്രപ്രവർത്തകനിൽനിന്ന് ഒരു സന്ദേശം ലഭിച്ചു. താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം കളിക്കാർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (എ സി ബി) സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും ഒന്നും ലഭിച്ചില്ല.

കടുത്ത ഇസ്ലാമിക ഗ്രൂപ്പിന്റെ ഭരണത്തിൻകീഴിൽ അവർ സ്വയം ഭയന്നുവിറച്ചു.

ഓസ്‌ട്രേലിയയ്‌ക്കൊപ്പം രണ്ട് ലോകകപ്പുകൾ നേടിയ ജോൺസ്, പിന്നീട് തന്റെ കോൺടാക്റ്റ് ബുക്ക് പരിശോധിച്ച്, ക്രിക്കറ്റ് വിക്ടോറിയയിൽ ജോലിചെയ്തിരുന്ന തന്റെ സുഹൃത്ത് എമ്മ സ്റ്റേപ്പിൾസ്, അഫ്ഗാൻ വനിതാ ഫുട്‌ബോൾ കളിക്കാരെ ഒഴിപ്പിക്കാൻ സഹായിച്ച ഡോ. കാതറിൻ ഓർഡ്‌വേ എന്നിവരുൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരെ കണ്ടുപിടിച്ചു.

അഫ്ഗാനിസ്ഥാനിലെ കരയിലുൾപ്പെടെ സഹായിക്കാൻ കഴിയുന്ന ആളുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട്, അവർ വിസയും ഗതാഗതവും സംഘടിപ്പിച്ചു. ഒടുവിൽ 120 പേരെ രാജ്യത്തുനിന്ന്, പ്രധാനമായും പാക്കിസ്ഥാനിലേക്കും പിന്നീട് സൈനികവിമാനങ്ങളിൽ ദുബായിലേക്കും കൊണ്ടുപോയി. അവിടെനിന്ന് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പിന്തുണയുള്ള വാണിജ്യവിമാനങ്ങളിൽ അവർ മെൽബണിലേക്കും കാൻബെറയിലേക്കും പറന്നു.

“ആ സമയത്ത് ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളുടെ തീവ്രത എനിക്ക് മനസ്സിലായില്ലെന്ന് ഞാൻ കരുതുന്നു” – സ്റ്റേപ്പിൾസ് പറഞ്ഞു. “കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച്, തിരിച്ചറിയൽ രേഖകൾ ലഭിക്കാൻ ആറാഴ്ച എടുത്തു. പക്ഷേ, എല്ലാവരുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്പ്രെഡ്ഷീറ്റ് ഞങ്ങളുടെ കൈവശമുണ്ടായിരുന്നു” – അവൾ പറഞ്ഞു. “കളിക്കാരുമായുള്ള ആശയവിനിമയം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഗൂഗിൾ വിവർത്തനത്തിന് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല” അവർ കൂട്ടിച്ചേർത്തു.

ദൗത്യം വിജയിക്കുമോ എന്ന് വ്യക്തമല്ലാത്ത നിമിഷങ്ങളുണ്ടായിരുന്നുവെന്ന് ഇപ്പോൾ ക്രിക്കറ്റ് ബ്രോഡ്കാസ്റ്ററായി ജോലിചെയ്യുന്ന 52 കാരിയായ ജോൺസ് പറഞ്ഞു. “എല്ലാവരും അത് അസാധ്യമാണെന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞങ്ങൾക്ക് സിസ്റ്റത്തോട് പോരാടേണ്ടിവന്നു. കാര്യങ്ങൾ മിനിറ്റുകൾക്കുള്ളിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒരു ജേസൺ ബോൺ സിനിമയിലെന്നതുപോലെ തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു” – ജോൺസ് പറഞ്ഞു. ടെലിവിഷനിൽ കമന്ററി നൽകാൻ ശ്രമിച്ചതും അതേസമയംതന്നെ സുരക്ഷിതസ്ഥാനത്തേക്കു കൊണ്ടുപോകുന്ന ശരിയായ കാർ കണ്ടെത്താൻ പാടുപെടുന്ന ഒരു കളിക്കാരന് സന്ദേശമയച്ചതും അവൾ ഓർത്തു.

ഓസ്‌ട്രേലിയയിൽ വന്നിറങ്ങിയതിനുശേഷവും മാസങ്ങളോളം വനിതാകളിക്കാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയന്ന് താൽക്കാലിക താമസസ്ഥലത്ത് ആയിരിക്കുമ്പോൾ അവർ എവിടെയാണെന്നത് രഹസ്യമായി സൂക്ഷിച്ചു. അവർ ചേർന്ന പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബുകളും അവരുടെ ഐഡന്റിറ്റിയും സംരക്ഷിക്കാനും അവരെ സഹായിച്ചിരുന്നു.

2022 ഡിസംബർ വരെ അവർ കാത്തിരുന്നു. തുടർന്ന് തങ്ങൾ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നതെന്ന് ഐ സി സി ക്ക് എഴുതി. അവർ രണ്ട് വലിയ ചോദ്യങ്ങൾ ചോദിച്ചു: “എ സി ബി യുമായുള്ള അവരുടെ കരാറുകൾക്ക് എന്ത് സംഭവിച്ചു, അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിലേക്ക് (എ സി ബി) പോകുന്ന പണത്തിന് എന്ത് സംഭവിച്ചു.” അത് അവരുടെ വികസനത്തിനായി നൽകണമായിരുന്നു. ആ ഫണ്ടുകളിൽ ചിലത് ഓസ്‌ട്രേലിയയിലെ കളിക്കാർക്ക് തിരിച്ചുവിടണമെന്നും അവർ അഭ്യർഥിച്ചു.

ഒരു മാസത്തിനുശേഷം, കരാറുകൾ എ സി ബി യുടെ കാര്യമാണെന്നും ആഗോള ഭരണസമിതിയിൽനിന്ന് ലഭിക്കുന്ന ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡാണെന്നും ഐ സി സി മറുപടി നൽകി. എന്നാൽ എ സി ബി അവരുടെ വനിതാകളിക്കാരുമായി ഇടപഴകാൻ വിസമ്മതിച്ചതോടെ, കായികരംഗത്തെ ഉന്നതർ തങ്ങളെ ഒഴിവാക്കിയെന്ന് ടീമിനു തോന്നി.

2024 ജൂണിൽ, അഫ്ഗാനിസ്ഥാന്റെ പുരുഷ ടീം ടി-20 ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയതിന്റെ വെളിച്ചത്തിൽ, വനിതാ ക്രിക്കറ്റ് ടീം ഐ സി സി ക്ക് രണ്ടാമത്തെ കത്തെഴുതാൻ അവരുടെ നിമിഷം ഉപയോഗപ്പെടുത്തി. ഇത്തവണ അവർ ഒരു അഭയാർഥി അന്താരാഷ്ട്ര ടീം രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

“ഇത് വളരെ വേദനാജനകവും നിരാശാജനകവുമാണ്” – 14 വയസ്സുള്ളപ്പോൾ രാജ്യം വിട്ടുപോയ ഷബ്നം അഹ്സാൻ പറഞ്ഞു. “അവർ (ഐ സി സി) ഞങ്ങളെ സഹായിക്കാൻ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മറ്റെല്ലാ ടീമുകളെയുംപോലെ ഞങ്ങളും സഹായമർഹിക്കുന്നു.” കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാൻ വനിതാ ഇലവൻ എന്ന നിലയിൽ ഫിറൂസ അമീരിയും സഹതാരങ്ങളും അവരുടെ ആദ്യമത്സരം കളിച്ചു.

2012 ൽ അഫ്ഗാനിസ്ഥാനിൽ ഒരു വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു. എന്നാൽ താമസിയാതെ അത് അവസാനിച്ചു. പിന്നീട് 2020 ൽ ഒരു ടാലന്റ് ക്യാമ്പിൽ 25 കളിക്കാർക്ക് കോൺടാക്റ്റുകൾ ലഭിച്ചപ്പോൾ അത് ഔദ്യോഗികമായി പുനരാരംഭിച്ചു. ഒരു രാജ്യത്തിന് ഐ സി സി യിൽ പൂർണ്ണ അംഗമാകുന്നതിനാവശ്യമായ മാനദണ്ഡങ്ങളുടെ ഭാഗമാണ് ഒരു വനിതാ ടീം ഉണ്ടായിരിക്കുക എന്നത്. അതായത് അഫ്ഗാനിസ്ഥാന് പൂർണ്ണ ധനസഹായവും ടെസ്റ്റ് പദവിയും ലഭിക്കുന്നു. വനിതാ ടീം ഇല്ലെങ്കിലും, എ സി ബി ഇപ്പോഴും ആ പൂർണ്ണ അംഗത്വം നേടിയിട്ടുണ്ട്.

ദേശീയ ടീം എന്ന നിലയിൽ അംഗീകാരം ലഭിക്കാത്തതിന്റെ ഫലമായി, കഴിഞ്ഞ മാസം മെൽബണിൽ ക്രിക്കറ്റ് വിത്തൗട്ട് ബോർഡേഴ്‌സ് ടീമിനെ നേരിട്ടപ്പോൾ, ഔദ്യോഗികമായി അഫ്ഗാനിസ്ഥാൻ എന്ന നിലയിൽ കളിക്കുന്നതിനുപകരം, അഫ്ഗാനിസ്ഥാൻ വനിതാ ഇലവൻ എന്ന നിലയിൽ കളിക്കേണ്ടിവന്നു ഇവർക്ക്. “ഇത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കളിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” – അവർ പറയുന്നു.

20 ഓവർ പ്രദർശനമത്സരത്തിൽ നാല് പന്തുകൾ ബാക്കിനിൽക്കെ കളിക്കാർ തോറ്റെങ്കിലും യഥാർഥ വിജയം കളിതന്നെ നടന്നതായിരുന്നു. “ഇത് വളരെ മികച്ചതായിരുന്നു” – ബൗളർ നിലാബ് സ്റ്റാനിക്സായി പറഞ്ഞു. “ഒടുവിൽ ഒരുമിച്ചു കളിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.”

“ഇത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കളിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഒരുപാട് കളിക്കണം. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കണം” – അന്ന് ടീമിനെ നയിച്ച നഹിദ സപാൻ കൂട്ടിച്ചേർത്തു. “എല്ലാ അഫ്ഗാൻ സ്ത്രീകൾക്കും വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. അവരിൽ അഭിമാനം കൊള്ളാനും ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളാണ് തങ്ങളെന്നും പറയാനുംവേണ്ടിയാണ് ഇത്. ദയവായി ഉപേക്ഷിക്കരുത്” എന്ന് സഹതാരം ഷാസിയ സസായ് പറഞ്ഞു.

വികാരഭരിതവും സന്തോഷഭരിതവുമായ ഒരു ദിവസമായിരുന്നു അത്. പക്ഷേ, ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു: “ഇനി അടുത്തത് എന്താണ്?”

അന്താരാഷ്ട്രവേദിയിൽ ഒരു ദിവസം കളിക്കാൻ കളിക്കാർക്ക് ഇപ്പോഴും വലിയ ആഗ്രഹമുണ്ട്. പക്ഷേ, അത് ഐ സി സി അവരുമായി മുന്നോട്ടുപോകുമോ എന്നതിനെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഒരു കാര്യം ഉറപ്പാണ്, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ശബ്ദമില്ലെന്നു തോന്നുന്ന ഒരു സമയത്ത് ഈ ടീമിനെ നിനിശ്ശബ്ദരാക്കില്ല എന്ന പ്രതീക്ഷയിലാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News