Sunday, April 6, 2025

ക്രിപ്റ്റോ കറന്‍സിക്ക് കനത്ത മൂല്യത്തകര്‍ച്ച; കൂപ്പുകുത്തി ബിറ്റ്കോയിന്‍; അഞ്ച് മാസത്തിനിടെ 50% നഷ്ടം

ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച വിപണി അവസാനിച്ചതോടെ ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് താഴെയായി. 2022 ജനുവരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം താഴ്ന്ന് 926 ബില്യണ്‍ ഡോളറിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം 2.9 ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു. എന്നാല്‍ 2022 ആരംഭിച്ചതോടെ മൂല്യത്തകര്‍ച്ചയാണ് നേരിടുന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യം നഷ്ടപ്പെട്ടു. പണപ്പെരുപ്പം മുന്നില്‍ കണ്ടും സെന്‍ട്രല്‍ ബാങ്കുകളുടെ പലിശനിരക്ക് ഉയരുന്നതിന്റെ പശ്ചാത്തലത്തിലും നിക്ഷേപകര്‍ ആസ്തികള്‍ ഉപേക്ഷിക്കുകയും തന്മൂലം മൂല്യത്തകര്‍ച്ച സംഭവിച്ചുവെന്നുമാണ് വിലയിരുത്തല്‍.

ഏറ്റവുമധികം മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ ഇന്ന് പത്ത് ശതമാനത്തിലധികം നഷ്ടം നേരിട്ടു. ഇതോടെ കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 23,750 ഡോളര്‍ മൂല്യത്തിലെത്തി. 2022 ആരംഭിച്ചതിന് ശേഷം ബിറ്റ്കോയിന്‍ 50 ശതമാനം മൂല്യത്തകര്‍ച്ച ഇതുവരെ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയായ എതറിയത്തിന് 15 ശതമാനത്തിലധികം നഷ്ടവുമുണ്ടായി. ഇതോടെ 1,210 ഡോളറാണ് നിലവില്‍ എതറിയത്തിന്റെ മൂല്യം. പണപ്പെരുപ്പം വളരെ ശക്തമായ എതിരാളിയാണെന്നും അതിനാല്‍ ബിറ്റ്കോയിനും എതറിയവും മൂല്യത്തകര്‍ച്ച അഭിമുഖീകരിക്കുകയാണെന്നും മുതിര്‍ന്ന നിക്ഷേപക അനലിസ്റ്റായ സൂസന്ന സ്ട്രീറ്റര്‍ പ്രതികരിച്ചു.

 

Latest News