നാല് ഛിന്നഗ്രഹങ്ങൾക്ക് ഇറ്റാലിയൻ സന്യാസിനിമാരുടെ പേരുകൾ നൽകി ആദരിച്ച് വത്തിക്കാൻ ഒബ്‌സർവേറ്ററി വിഭാഗം. സുവോർ ഡി മരിയ ബംബീനാ സന്യാസ സമൂഹത്തിൽ നിന്നുള്ള സന്യാസിനിമാരായ സി. കോൺസെറ്റ ഫിനാർഡി, സി. ലൂജിയ പാൻസേരി, സി. എമിലിയ പോൺസോണി, സി. റെജീന കൊളംബോ എന്നിവർ 1910 നും 1921 നും ഇടയിൽ ഏകദേശം അര ദശലക്ഷം ആകാശഗോളങ്ങളെ പട്ടികപ്പെടുത്തുകയുണ്ടായി. അവരുടെ ഈ പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് ഛിന്നഗ്രഹങ്ങൾക്ക് സന്യാസിനിമാരുടെ പേരുകൾ നൽകിയത്.
1090 -ൽ, ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിലെ ഒബ്സർവേറ്ററിയും ജസ്യൂട്ട് വൈദികനുമായ ഫാ. ജോൺ ഹേഗൻ, അവരുടെ അസാധാരണ കാഴ്ചശക്തി, ക്ഷമ, ശാസ്ത്രപരവും മെക്കാനിക്കൽ ജോലികളോടുള്ള അഭിരുചി എന്നിവ പരിഗണിച്ചാണ് ഈ ദൗത്യത്തിൽ പങ്കാളികളാക്കിയത്. ആ കാലഘട്ടത്തിൽ മറ്റു നിരീക്ഷണ കേന്ദ്രങ്ങൾ ആകാശ ഭൂപടം തയാറാക്കാൻ ഈ സന്യാസിനിമാരെയായിരുന്നു സമീപിച്ചിരുന്നത് എന്നറിഞ്ഞാണ് അദ്ദേഹം ഇവരെ തിരഞ്ഞെടുത്തത്. നഴ്സിംഗ് ജോലിയിൽ വ്യാപൃതരായിരുന്ന ഈ സന്യാസിനിമാർ പിന്നീട് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തി. 481,215 ആകാശഗോളങ്ങളുടെ തെളിച്ചവും സ്ഥാനവും രേഖപ്പെടുത്തുന്ന വലിയ കണ്ടെത്തലായിരുന്നു അത്. ഈ കണ്ടെത്തലുകൾ 10 വാല്യങ്ങളുള്ള കാറ്റലോഗായി ആണ് പ്രസിദ്ധീകരിച്ചത്.
മൗണ്ട് ഗ്രഹാം ഒബ്സർവേറ്ററിയിൽ (വത്തിക്കാൻ ഒബ്സർവേറ്ററിയുടെ ഭാഗം) കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾക്ക് ഔദ്യോഗികമായി പേര് നൽകിയിരിക്കുന്നത് ഇപ്രകാരമാണ്: (709193) കോൺസെറ്റഫിനാർഡി, (714305) പാൻസേരി, (627981) പോൺസോണി, (634659) കൊളംബോ. കൂടാതെ, ഛിന്നഗ്രഹമായ (611494) ജിയോണ്ടി എന്ന് പേരിട്ടത് വത്തിക്കാന് ഒബർസർവേറ്ററിയിൽ ജോലി ചെയ്യുന്ന ജെസ്യൂട്ട് പുരോഹിതനായ ഫാ. ഗബ്രിയേൽ ജിയോണ്ടിയുടെ ബഹുമാനാർത്ഥമായാണ്. അതോടെ ജെസ്യൂട്ടുകളുടെ പേരിലുള്ള മൊത്തം ആകാശഗോളങ്ങളുടെ എണ്ണം 41 ആയി.
പേരിടൽ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ്റെ മൈനർ പ്ലാനറ്റ് സെൻ്റർ ആണ്. സ്ഥിരമായ പേര് നൽകുന്നതിന് മുമ്പ് ഈ സെന്റർ ഛിന്നഗ്രഹങ്ങളെ തുടർച്ചയായി നിരീക്ഷിക്കുകയും അതിൻ്റെ ഭ്രമണപഥം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ അംഗീകാരം ഈ സന്യാസിനികളുടെ പാരമ്പര്യത്തെയും ജ്യോതിശാസ്ത്രത്തിലെ അവരുടെ സുപ്രധാന സംഭാവനകളെയും മാനിക്കുന്നു.