പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസാമുനമ്പിലെ ആശുപത്രി ഒഴിപ്പിക്കണമെന്ന ഉത്തരവിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് ആശുപത്രി ഒഴിപ്പിക്കലിനെതിരെ രംഗത്തെത്തിയത്. ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലും ഇരുപത്തിമൂന്ന് ആശുപത്രികള്‍ ഒഴിയണമെന്നാണ് ഉത്തരവ്. ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും” – അദ്ദേഹം പറഞ്ഞു. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനാത്തലവന്‍ ആവശ്യപ്പെട്ടു. കൂടാതെ, പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും മറ്റു രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണനനല്‍കി ഇസ്രായേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ് ആവര്‍ത്തിച്ചു.