Tuesday, November 26, 2024

ലോകത്തിലെ ആദ്യത്തെ ആർ‌എസ്‌വി വാക്സിൻ യുഎസ് ഡ്രഗ് റെഗുലേറ്റർ അംഗീകരിച്ചു

ഓരോ വർഷവും ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിനു കാരണമാകുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ (RSV) ഉള്ള ആദ്യ വാക്സിന് അംഗീകാരം നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അനുമതി ലഭ്യമാക്കുക എന്നതാണ് അടുത്ത ഘട്ടം. അതിനു ശേഷം മാത്രമാകും വാക്സിൻ പൊതുജനങ്ങൾക്കു ലഭ്യമാക്കുക.

ആരെക്‌സ്‌വി എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ ജിഎസ്‌കെ എന്ന കമ്പനിയാണ് വികസിപ്പിച്ചിരിക്കുന്നത്. നിരവധി ജീവൻ രക്ഷിക്കുന്ന ഒരു പ്രധാന മുന്നേറ്റമാണിതെന്ന് ജിഎസ്‌കെയിലെ ഗവേഷകർ വെളിപ്പെടുത്തി. 60 വയസ്സിനു മുകളിലുള്ളവർക്ക് മാസങ്ങൾക്കുള്ളിൽ ഇത് ലഭ്യമാക്കുവാൻ കഴിയും എന്ന പ്രതീക്ഷയും ജിഎസ്‌കെ പ്രകടിപ്പിച്ചു.

“ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗം തടയുന്നതിനുള്ള ഒരു സുപ്രധാന പൊതുജനാരോഗ്യ നേട്ടമാണ് ആദ്യത്തെ ആർ‌എസ്‌വി വാക്‌സിന്റെ അംഗീകാരം”- ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ (എഫ്‌ഡി‌എ) സെന്റർ ഫോർ ബയോളജിക്‌സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് നയിക്കുന്ന ഡോ. പീറ്റർ മാർക്ക്സ് പറഞ്ഞു.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് ബാധ ഒരു ശ്വാസകോശ രോഗമാണ്. ഇത് സാധാരണയായി മുതിർന്നവരിൽ ജലദോഷം പോലുള്ള ലക്ഷണങ്ങളിൽ കലാശിക്കുന്നു. എന്നാൽ ചെറിയ കുട്ടികൾക്കും പ്രായമായവർക്കും രോഗികളായവർക്കും ഇത് അപകടകരമായി ഭവിക്കുന്നു.

Latest News