Wednesday, May 14, 2025

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക്കിൽ കണ്ടെത്തി

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ പവിഴപ്പുറ്റ് തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ഈ പവിഴപ്പുറ്റ്. ഒരു നീലത്തിമിംഗലത്തെക്കാൾ വലിപ്പമുണ്ട് ഈ പവിഴപ്പുറ്റിന് എന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം കടലിന്റെ അടിത്തട്ടിനെ എങ്ങനെ ബാധിക്കുന്നു എന്ന് കാണുന്നതിന്, പസഫിക്കിന്റെ വിദൂരഭാഗങ്ങൾ സന്ദർശിക്കുന്ന നാഷണൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫറാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തിയത്. “ഒരു കപ്പൽ മുങ്ങിയതായി പറയപ്പെടുന്ന സ്ഥലത്ത് ഞാൻ മുങ്ങിപ്പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അസാധാരണമായ ഒന്ന് കണ്ണിൽപെടുന്നത്. കൂടുതൽ പരിശോധനയ്ക്കായി മകൻ ഇനിഗോയെ വിളിക്കുകയും അത് പരിശോധിക്കാൻ അവർ കൂടുതൽ ആഴത്തിൽ മുങ്ങുകയും ചെയ്തു” – പവിഴപ്പുറ്റ് കണ്ടെത്തിയ മനു സാൻ ഫെലിക്സ് പറഞ്ഞു.

പര്യവേഷണത്തിലെ ശാസ്ത്രജ്ഞർ വെള്ളത്തിനടിയിൽ ഒരുതരം ടേപ്പ് ഉപയോഗിച്ച് പവിഴപ്പുറ്റുകൾ അളന്നു. ഇതിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രങ്ങൾ ചൂടാകുന്നതിനാൽ ആഗോളതലത്തിൽ പവിഴപ്പുറ്റുകൾ കടുത്ത സമ്മർദം നേരിടുന്നുണ്ട്. പലപ്പോഴും സമുദ്രങ്ങളുടെ ‘ആർക്കിടെക്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പവിഴപ്പുറ്റുകൾക്ക് ഒരുമിച്ചുചേർന്ന് മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും വസിക്കുന്ന വിശാലമായ പവിഴപ്പുറ്റുകൾ രൂപപ്പെടുത്താൻ കഴിയും.

വേൾഡ് ഇക്കണോമിക് ഫോറം പറയുന്നതനുസരിച്ച്, ടൂറിസത്തിനോ, മത്സ്യബന്ധനത്തിനോ പിന്തുണ നൽകുന്നതുൾപ്പെടെ ഒരു ബില്യൺ ആളുകളുടെ ഉപജീവനത്തിന് പവിഴപ്പുറ്റുകൾ കാരണമായി മാറുന്നു. പുതുതായി കണ്ടെത്തിയ പവിഴപ്പുറ്റുകൾ കൂടുതൽ ആഴത്തിലാണ് കണ്ടെത്തിയത്. ഇത് സമുദ്രോപരിതലത്തിലെ ഉയർന്ന താപനിലയിൽനിന്ന് അതിനെ സംരക്ഷിച്ചിരുന്നിരിക്കാം.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ പുരോഗതി കൈവരിക്കാൻ ശ്രമിക്കുന്ന അസർബൈജാനിലെ ബാക്കുവിൽ യു. എൻ. കാലാവസ്ഥാ ചർച്ച COP29 നടക്കുന്ന സമയത്താണ് ഈ കണ്ടെത്തൽ പ്രഖ്യാപിച്ചത്. പുതുതായി കണ്ടെത്തിയ പവിഴപ്പുറ്റിൽ തന്റെ രാജ്യം അഭിമാനിക്കുമെന്ന് ഉച്ചകോടിയിൽ സോളമൻ ദ്വീപുകളുടെ കാലാവസ്ഥാമന്ത്രി ട്രെവർ മനേമഹാഗ ബി. ബി. സി. ന്യൂസിനോടു പറഞ്ഞു.

Latest News